കൊച്ചി: എ. എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ സ്ഥാനത്തേക്ക് ആയിരുന്നു നിയമനം.
കണ്ണൂര്‍ ചാവശേരി സ്വദേശിനി ഡോ. എം.പി. ബിന്ദുവാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ അധ്യാപക നിയമനത്തിനായി സര്‍വകലാശാല നടത്തിയ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് നേടിയ തന്നെ മറികടന്നാണ് സി.പി.എം നേതാവും തലശേരി എം.എല്‍.എയുമായ ഷംസീറിന്റെ ഭാര്യ പി.എം. ഷഹലയെ നിയമിച്ചതെന്നാണ് ആരോപണം.
ഹര്‍ജിയില്‍ കോടതി സര്‍വകലാശാലയുടെ വിശദീകരണം തേടിയിരുന്നു. കരാര്‍ നിയമനങ്ങളില്‍ പാലിക്കുന്ന സംവരണ ക്രമത്തിന്റെ വിവരങ്ങളാണ് കോടതി സര്‍വകലാശാലയോട് ആവശ്യപ്പെട്ടത്.