അബുദാബി: അബുദാബിയില്‍ നൂറ് നൂതന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി എയര്‍ കണ്ടീഷനടക്കമുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളാണ് ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വരുന്നത്.
പദ്ധതിയുടെ ഭാഗമായി എഴുപതോളം കേന്ദ്രങ്ങള്‍ നൂതന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഇതിനോടകം സ്ഥാപിച്ച് കഴിഞ്ഞതായും മുപ്പതെണ്ണം ഈ വര്‍ഷം അവസാനത്തോടെ സ്ഥാപിക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു. 350 ലക്ഷം ദിര്‍ഹമാണ് പദ്ധതി ചിലവ്. 2020 ഓടെ അബുദാബിയില്‍ 600 ഓളം ബസ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇതില്‍ 200 എണ്ണം പടിഞ്ഞാറന്‍ പ്രവശ്യയായ അല്‍ ദഫ്റ, അല്‍ ഐന്‍ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുകയെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.
പഴയ മാതൃകയിലുള്ള 130 ഓളം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് അബുദാബിയില്‍ ഇപ്പോഴുള്ളത്. പദ്ധതിയുടെ ഭാഗമായി ഇവയുടെ അറ്റകുറ്റപണികള്‍ നടത്തുകയും പുതിയ എയര്‍ കണ്ടീഷനറുകള്‍, ലൈറ്റുകള്‍ തുടങ്ങിയവ സ്ഥാപിക്കുകയും ചെയ്യും. പുതിയവയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷനറുകള്‍ക്ക് പുറമെ സി.സി ടിവിയുമുണ്ടാവും. ഓരോ സ്ഥലത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് ഇവയുടെ മാതൃകകള്‍ക്കും നിറങ്ങള്‍ക്കും വ്യത്യാസമുണ്ടാവും. 15 മുതല്‍ 22 ആളുകളെ ഉള്‍ക്കൊള്ളും വിധത്തിലുള്ള കേന്ദ്രങ്ങളാണ് നിര്‍മ്മിക്കുക. എന്നാല്‍ അബുദാബി സെന്‍ട്രല്‍ ബസ് ടെര്‍മിനലിനോട് ചേര്‍ന്ന് 60 ആളുകളെ ഉള്‍ക്കൊള്ളും വിധത്തിലുള്ള വലിയ കാത്തിരിപ്പ് കേന്ദ്രവും നിര്‍മ്മിക്കും.