കൊല്‍ക്കത്ത: മുന്‍ ലോക്സഭ സ്പീക്കറും ഇടതു നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി(89) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായിരുന്നു.
ജൂണ്‍ അവസാനം തലച്ചോറിനുള്ളില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മസ്തിഷ്കാഘാതം എന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയ അദ്ദേഹത്തെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വീട്ടിലേക്ക് എത്തിച്ചത്. എന്നാല്‍ വീണ്ടും അദ്ദേഹത്തിന്റെ നില മോശമാവുകയായിരുന്നു. ഇതേ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പത്തു തവണ ലോക്സഭാംഗമായിരുന്നു സോമനാഥ് ചാറ്റര്‍ജി. 2004 മുതല്‍ 2009 വരെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇദ്ദേഹം ലോക്സഭാ സ്പീക്കറായിരുന്നത്. 1968 മുതല്‍ സിപിഎം അംഗമായിരുന്ന സോമനാഥിനെ 2008 ല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യ-യുഎസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചപ്പോള്‍, ലോക്സഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹം വിസമ്മതിച്ചതായിരുന്നു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കാരണം. പുറത്താക്കലിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം.