മലപ്പുറം : നിലമ്പൂരിനു സമീപം ആഢ്യൻ പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. എന്നാല്‍ ആളപായമില്ല. ഈ ഭാഗത്ത് ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ നാട്ടുകാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്കി. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ ആറു പേര് മരിച്ചതിനു സമീപത്തു തന്നെയാണ് വീണ്ടും ഉരുള്‍പൊട്ടല്‍. ജിയോളജി വകുപ്പിന്റെ പഠനത്തിലും പ്രദേശത്ത് ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
https://www.youtube.com/watch?v=ip5FK_Gk2LE
മലപ്പുറം ജില്ലയിലെ മലയോര മേഖലയായ നിലമ്പൂരില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ ആഢ്യന്‍പാറയ്ക്കു സമീപം ഇന്നും ഉരുള്‍പൊട്ടി. ഈ ഭാഗങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ അപകടം ഒഴിവായി. നിലമ്പൂര്‍, കരുവാരക്കുണ്ട്, കാളികാവ് തുടങ്ങിയ മലയോര മേഖലയില്‍ ഇപ്പോഴും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്ക്കുന്നതില് ആശങ്കയിലാണ് പ്രദേശവാസികള്‍.
കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ വീടിനുള്ളിലേക്ക് മണ്ണിടിഞ്ഞ് ആറു പേര് മരിച്ച ആഢ്യന്‍പാറയിലെ ചെട്ടിയാംപാറക്കു സമീപമാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. നിലമ്പൂരിനു സമീപം കക്കാടംപൊയിലിലും ഉരുള്‍പൊട്ടലുണ്ടായതായാണ് സൂചന. കഴിഞ്ഞ ദിവസം ജില്ലാ ജിയോളജി വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു..
നിലമ്പൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. മലയോര മേഖലയില്‍ മഴ ഇപ്പോഴും തുടരുന്നത് പ്രദേശവാസികളെ പ്രതിസന്ധിയിലാക്കുന്നുമുണ്ട്. ചാലിയാര്‍പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ ആശങ്കയിലാണ് ജനങ്ങള്‍. ഇടക്കിടെ പെയ്യുന്ന ശക്തമായ മഴ ജനജീവിതം തന്നെ ദുസഹമാക്കുന്നു. മഴ ഇനിയും ശക്തമായാല്‍ കൂടുതല്‍ ദുരിതത്തിലാകും ജനങ്ങള്‍.