മലപ്പുറം : മലപ്പുറത്ത് ശക്തമായ മഴയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. നിലമ്പൂരിനു സമീപം ആഢ്യന്‍പാറയ്ക്കു സമീപമാണ് ഇന്നും ഉരുള്‍പൊട്ടിയത്. പ്രദേശത്ത് അതീവജാഗ്രതാ നിര്‍ദ്ദേശം നല്കി. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നിരവധി വീടുകളും നിലംപൊത്തി. മഴ ശക്തമായി തുടരുന്നതിനാല്‍ നിലമ്പൂരിലെ നിരവധി വനവാസി കോളനികള്‍ ഒറ്റപ്പെട്ടു. ചാലിയാര്‍പുഴ നിറഞ്ഞു കവിഞ്ഞൊഴുകുന്നതും ജനങ്ങളെ ആശങ്കപ്പെടുത്തുന്നു.
തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ജനജീവിതം തന്നെ സ്തംഭിച്ചു. മലപ്പുറം ജില്ലയിലെ മലയോര മേഖലയില്‍ ഇടക്കിടെ ഉരുള്‍പൊട്ടുന്നത് കനത്ത ഭീഷണി ഉയര്‍ത്തുന്നു. നിലമ്പൂര്‍ ആഢ്യന്‍പാറയ്ക്കു സമീപം കരുവാരക്കുണ്ട് മണലിയാംപാടത്ത് ഇന്നും ഉരുള്‍പൊട്ടലുണ്ടായി. വനവാസി കുടുംബങ്ങള്‍ ഏറെയുള്ള മേഖലയാണ് ഇത്. ജില്ലയില്‍ മിക്കയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നു. നിരവധി വീടുകള്‍ തകര്‍ന്നു. ചെറുകാവ് പഞ്ചായത്തിലെ അരീക്കോട് ഭാഗത്ത് പത്തോളം വീടുകള്‍ തകര്‍ന്നു.
ചാലിയാര്‍ പുഴ നിറഞ്ഞൊഴുകുന്നതിനാല്‍ പ്രദേശത്തെ ചില വീടുകളും ഒറ്റപ്പെട്ടു. നിരവധിയാളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ആയിരത്തി അഞ്ഞൂറോളം പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. വ്യാപക കൃഷിനാശവും ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി. മഴ ശക്തമായി തുടരുന്നതിനാല്‍ ആശങ്കയും വര്‍ദ്ധിക്കുന്നു.