പത്തനംതിട്ട : ശബരിമലയിൽ നിറപുത്തരിക്കായുള്ള നെൽക്കറ്റകൾ സന്നിധാനത്തെത്തി. നീന്തല്‍ വിദഗ്ദരായ മൂന്ന് അയ്യപ്പഭക്തർ അതിസാഹസികമായി പമ്പ മുറിച്ചുകടന്ന് എത്തിച്ചു നല്‍കുകയായിരുന്നു.പമ്പയിൽ നിന്നും നെൽക്കതിരുമായി പമ്പക്ക് കുറുകെ കട്ടിയ വടത്തിൽ പിടിച്ച് നീന്തി മറുകരയെത്തിച്ച ശേഷം ട്രാക്ടറിൽ സന്നിധാനത്തെത്തിക്കുകയായിരുന്നു.
ഈ നെൽകതിരുകൾ ഉപയോഗിച്ച് ക്യത്യ സമയത്ത് തന്നെ നിറപുത്തരി ചടങ്ങുകൾ നടക്കും.പമ്പയിലും സന്നിധാനത്തും പരിസരങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ശബരിമലയിലെ നിറപുത്തരി ചടങ്ങിനായി പുല്‍മേട് വഴി സന്നിധാനത്തേക്ക് തിരിച്ച തന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യാത്ര പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചു.
ത്രിവേണിയില്‍ പമ്പ കരകവിഞ്ഞൊഴുകുന്നതിനാല്‍ തന്ത്രിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം പുല്‍മേട് വഴി സന്നിധാനത്ത് എത്തുന്നതിനാണ് യാത്ര തിരിച്ചത്. കനത്ത മഴയും വെളിച്ചക്കുറവും വന്യമൃഗങ്ങളുടെ സാന്നിധ്യവും പരിഗണിച്ചാണ് ഉപ്പുപാറയിലെ വനം വകുപ്പിന്റെ സങ്കേതത്തില്‍ യാത്ര അവസാനിപ്പിച്ചത്.കാലാവസ്ഥ അനുകൂലമെങ്കില്‍ നാളെ പുലര്‍ച്ചെ യാത്ര പുനരാരംഭിക്കും