കൊച്ചി: പ്രശസ്ത കവി ചെമ്മനം ചാക്കോ (93) അന്തരിച്ചു. കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടില്‍ ചൊവ്വാഴ്ച രാത്രി 11.25ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആക്ഷേപഹാസ്യ കൃതികളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
കോട്ടയം ജില്ലയിലെ മുളക്കുളത്ത് ചെമ്മനം കുടുംബത്തില്‍ വൈദികനായ യോഹന്നാന് കത്തനാരുടെയും സാറയുടെയും മകനായി 1926 മാര്‍ച്ച് 7നാണ് ജനനം. പിറവം സെന്റ് ജോസഫ് ഹൈസ്കൂള്‍, ആലുവ യു.സി. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. മലയാള ഭാഷയിലും സാഹിത്യത്തിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി. നിരവധി സ്കൂളുകളിലും കോളേജുകളിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനം അനുഷ്ഠിച്ചു.
1967ല്‍ പ്രസിദ്ധീകരിച്ച കനകാക്ഷരങ്ങള്‍ എന്ന കവിതാസമാഹാരത്തോടെയാണ് ആക്ഷേപഹാസ്യകവി എന്ന നിലയില്‍ പ്രശസ്തി നേടുന്നത്. ആക്ഷേപഹാസ്യത്തിനില് ചാലിച്ച കവിതകളായിരുന്നു ചെമ്മനത്തിന്റെ സൃഷ്ടികളില്‍ ഭൂരിഭാഗവും. രാഷ്ട്രീയ, സാംസ്കാരിക വിമര്‍ശനവും ചെമ്മനം കവിതകളുടെ മുഖമുദ്ര ആയിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കുട്ടമത്ത് അവാര്‍ഡ്, കുഞ്ചന്‍ നമ്പ്യാര്‍ പുരസ്കാരം, സഞ്ജയന് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
കോലഞ്ചേരി എളൂര് കുടുംബാംഗം ബേബിയാണ് ഭാര്യ. മക്കള്‍: ഡോ. ജയ(യുകെ), ഡോ. ശോഭ. മരുമക്കള്‍: ഡോ. ചെറിയാന് വര്‍ഗീസ്(യുകെ), ഡോ. ജോര്‍ജ് പോള്‍(കൊച്ചി). മൃതദേഹം എറണാകുളം മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുളക്കുളം മണ്ണുക്കുന്നേല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് ശവസംസ്കാരം.