ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായിട്ടുള്ള സേനാ മെഡലുകളും ബഹുമതികളും രാഷ്ട്രപതി പ്രഖ്യാപിച്ചു. ലാന്‍സ് നായിക്ക് വ്രഹ്മപാല് സിംഗിന് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര നല്‍കും. 2017 നവംബറില്‍ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് വ്രഹ്മ പാല് സിംഗ് കൊല്ലപ്പെട്ടത്.
ജമ്മു കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന് ഓറംഗസേബിന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര പ്രഖ്യാപിച്ചു. ഷോപ്പിയാനില്‍ ജോലി ചെയ്തിരുന്ന ഔറംഗസേബ് പെരുന്നാള്‍ അവധിയുടെ ഭാഗമായി നാട്ടിലേക്ക് വരുന്നതിനിടെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് വെടിയേറ്റ് മരിച്ച നിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹിസ്ബുള്‍ മുജാഹിദിനിലേക്ക് ആളുകളെ എത്തിക്കുന്ന പ്രധാന റിക്രൂട്ടര്‍മാരിലൊരാളായിരുന്ന സമീര്‍ ടൈഗറിനെ വധിച്ച സുരക്ഷാ സേനയുടെ സംഘത്തില്‍ ഉള്‍പ്പെട്ട സൈനികനായിരുന്നു ഔറംഗസീബ്.
ഇതിന് പുറമെ മറ്റ് 20 പേര്‍ക്ക് കൂടി ശൗര്യചക്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഓഖി ദുരന്തത്തിനിടെ കേരളാതീരത്ത് മത്സ്യതൊഴിലാളികളെ രക്ഷിച്ച നാവിക സേനാ ക്യാപ്റ്റന്‍ പി. രാജ് കുമാറും ശൗര്യചക്ര നേടിയവരുടെ പട്ടികയിലുണ്ട്. ധീരതയ്ക്കുള്ള സേനാ മെഡലുകള്‍ക്ക് കരസേനയിലെ 96 പേര് അര്‍ഹരായി. നാവികസേനയില 11 പേര്‍ക്കും വ്യോമസേനയിലെ 3 പേര്‍ക്കും സേനാ മെഡലുകള്‍ സമ്മാനിക്കും.