ന്യൂഡല്‍ഹി: ബഹിരാകാശ രംഗത്ത് ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വന്‍ മുന്നേറ്റം നടത്തുമെന്നും ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായും പ്രധാനമന്ത്രി നരേന്ദ്രമോദി. 2022ല്‍ ഇന്ത്യ സ്വതന്ത്രയായി 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കയ്യില്‍ ത്രിവര്‍ണ്ണ പതാകയുമേന്തി ഇന്ത്യയുടെ ഒരു മകനോ മകളോ ബഹിരാകാശത്തേക്ക് പോകുമെന്നാണ് മോദി പറഞ്ഞത്. ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുക്കുന്ന റോക്കറ്റില്‍ തന്നെയാകും യാത്ര.
ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന മിഷന് ഗഗന്യാന് ഐഎസ്ആര്‍ഒയെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയാണ്. നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ബഹിരാകാശത്തേക്ക് മനുഷ്യനെ അയച്ചിട്ടുള്ളത്. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് ഗഗന്യാന് പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചത്.
40 മാസത്തെ പദ്ധതിക്കായി 9000 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. രണ്ട് ആളില്ലാ വാഹനങ്ങളും മനുഷ്യന് നിയന്ത്രിക്കുന്ന ഒരു വാഹനവുമാണ് പദ്ധതിക്ക് ഉപയോഗിക്കുക. ഭൂമിയോട് ചേര്‍ന്നുള്ള ഭ്രമണ പഥത്തില്‍ ആറോ ഏഴോ ദിവസം തങ്ങാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്.