കുമളി: മുല്ലപ്പെരിയാറില്‍ 142 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കി. ഇതോടെ കര്‍ശനമായ നിയന്ത്രണങ്ങളാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൃഷ്ടിപ്രദേശത്ത് ഇപ്പോഴും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. സ്പില്‍വേ തുറന്നിട്ടും ജലനിരപ്പ് കുറയാതെ ഉയരുന്നത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ സമീപ പ്രദേശമായ ചപ്പാത്തില്‍ പാലം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്നതിനാല്‍ ഉയര്‍ന്ന തോതില്‍ വെള്ളം വിടുമെന്നും, പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ല കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ഇടുക്കിയില്‍ നിന്നും പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവും വര്‍ധിപ്പിച്ചു. സെക്കന്റില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാറിലെ വെള്ളം കൂടി ഇവിടേക്ക് എത്തുന്ന സാഹചര്യം കണക്കിലെടുത്താണിത്.