തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ആദ്യം ഓറഞ്ച് അലര്‍ട്ട് ആയിരുന്നെങ്കിലും പിന്നീട് റെഡ് അലര്‍ട്ട് നല്‍കുകയായിരുന്നു.
അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെടാന്‍ സംസ്ഥാനം തീരുമാനിച്ചു. അടുത്ത നാലു ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്കും ദുരന്തനിവാരണ രംഗത്തുളള ഏജന്‍സികള്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്രസേനയെ ആവശ്യപ്പെടാനും സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തിലാണ് തീരുമാനം.
പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ വ്യോമ,നാവിക,കര സേനകളുടെ സഹായം തേടാനും കളക്ടര്‍മാരെ സഹായിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനത്തിലും ദുരിതാശ്വാസത്തിലും എല്ലാം മറന്ന് മുഴുകാന്‍ അദ്ദേഹം സന്നദ്ധസംഘടനകളോടും ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.