പത്തനംതിട്ട: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പത്തനംതിട്ട ജില്ലയില്‍ നൂറ് കണക്കിന് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപെടുത്താന്‍ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ദേശീയ ദുരന്ത നിവാരണസേനയും, നാവികസേനയും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങും. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടക്കുകയാണ്. പത്തനംതിട്ടയില്‍ റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുമാണ് ആളുകള്‍ കൂടുതലും ഒറ്റപ്പെട്ടു കിടക്കുന്നത്.
ചെങ്ങന്നൂരില്‍ കോസ്റ്റ് ഗാര്‍ഡ് (20 പേര്) ,എന്‍ഡിആര്‍എഫ് (30പേര്) ,ഫയര്‍ഫോഴ്സ് സംഘം , ഇന്‍ഡോ ടിബറ്റന്‍ ഫോഴ്സ് തുടങ്ങിയ സേനാവിഭാഗങ്ങള്‍ രംഗത്തുണ്ട്. മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസിന്റെ ദൗത്യസംഘമാണ് പത്തനംതിട്ടയിലേക്ക് എത്തുന്നത്. 50 പേരാണ് സംഘത്തിലുള്ളത്. ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ജില്ലയില്‍ എത്തിക്കുമെന്ന് കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. ആര്‍മിയുടെ നിരവധി സൈനികരും രണ്ട് ഹെലികോപ്റ്ററുകളും പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.
അതേസമയം വീടുകള്‍ക്ക് മുകളില്‍ കഴിയുന്നവര്‍ വെള്ളത്തില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.