Kerala

റെഡ് അലര്‍ട്ട് തുടരുന്നു; മെട്രോസര്‍വീസ് നിര്‍ത്തി വച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്. മഴക്ക് ശമനമുണ്ടാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരുകയാണ്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.  മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

പമ്പയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ ഒറ്റപ്പെട്ടതോടെ പത്തനംതിട്ടയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഇവരെ രക്ഷിക്കാന്‍ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ഭക്ഷണവും വൈദ്യുതിയും ഇല്ലാത്ത അവസ്ഥയിലാണ് ആളുകള്‍. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണസേനയും കോഴഞ്ചേരിയിലെത്തിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 30,000 ഘനയടിവരെ വെള്ളമെത്തുന്നുണ്ട്. 13 ഷട്ടറുകളും തുറന്നിരിക്കുകയാണ്. ഇടുക്കി-ചെറുതോണി അണക്കെട്ടില്‍നിന്ന് 1,500 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്കുവിടുന്നത്. വള്ളക്കടവ് മുതല്‍ ഉപ്പുതറ ചപ്പാത്ത് വരെ വെള്ളം കരകവിഞ്ഞ് ഒഴുകുകയാണ്.

പെരിയാറിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. ദേശീയപാതയില്‍ ആലുവ തോട്ടക്കാട്ടുകരയിലും കമ്പനിപടിയിലും വെള്ളം കയറി. ആലുവ പുഴയ്ക്ക് മുകളിലൂടെയുള്ള ട്രെയിന്‍ സര്‍വീസും നിര്‍ത്തിവച്ചു. ആലുവ മുട്ടം യാഡില്‍ വെള്ളം കയറിയതോടെ മെട്രോസര്‍വീസും നിര്‍ത്തിവച്ചു. പറവൂര്‍, ആലുവ, കണയന്നൂര്‍, കോതമംഗലം താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിലാണ്. ജില്ലയില്‍ 223 ക്യാമ്പുകളിലായി 9761 കുടുംബങ്ങളില്‍ നിന്നുളള്ള 33764 െേപര ക്യാമ്പുകളിലേക്ക് മാററി.

വടക്കന്‍ കേരളത്തിലും മഴ ശക്തമായി തുടരുകയാണ്. തൃശൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി.പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞതോടെ ചാലക്കുടിപ്പുഴയിലും ജലനിരപ്പുയര്‍ന്നു. വയനാടും മൂന്നാറും ഇപ്പോഴും ഒറ്റപ്പെട്ട സ്ഥിതിയാണ്. സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം തടഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെ സ്ഥിതി അതീവഗുരുതരമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

481 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close