ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് അടുക്കുന്നു. ഇതോടെ ഡാമിന്റെ പരിസരപ്രദേശങ്ങളില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. 2402.20 അടിയാണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.
മണിക്കൂറില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്ന് ഒഴുക്കി വിടുന്നത്. കൂടുതല്‍ വെള്ളം പുറത്തുവിടാന്‍ ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ ജലനിരപ്പ് ഇന്ന് തന്നെ പരമാവധിയിലെത്തുമെന്നാണ് കരുതുന്നത്. കൂടുതല്‍ വെള്ളം ഒഴുക്കി വിടുന്ന കാര്യത്തില്‍ എറണാകുളം ജില്ലാഭരണകൂടവുമായി ആലോചിച്ച് മാത്രമെ തീരുമാനമെടുക്കാനാകൂ എന്നാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
അതേസമയം ഇടമലയാറില്‍ ഡാമിന്റെ പരമാവധി സംഭരണശേഷിക്ക് താഴെയാണ് ഇപ്പോള്‍ ജലനിരപ്പ്. അതുകൊണ്ടു തന്നെ ഇവിടെ നിന്നും പെരിയാറിലേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കുറക്കാനാകുമെന്നാണ് കരുതുന്നത്.