തിരുവനന്തപുരം: ഞായറാഴ്ച വരെ സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ജാഗ്രത തുടരേണ്ടതിനാല്‍ ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. 19,20 തിയതികളോട് കൂടി മഴ കുറയാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
കേരളത്തില്‍ കനത്തമഴയ്ക്ക് കാരണമായി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അതിശക്ത ന്യൂനമര്‍ദമായി ഛത്തീസ്ഗഢില്‍ കരയിലേക്ക് കടന്നിട്ടുണ്ട്. 19ന് ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുഭാഗത്ത് വീണ്ടും ന്യൂനമര്‍ദം രൂപംകൊള്ളാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇത് കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിക്കില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.