ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്നും ഘട്ടം ഘട്ടമായി കുറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഘട്ടം ഘട്ടമായി വെള്ളം തുറന്നു വിടാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. എത്ര അടി കുറക്കണമെന്ന് സാഹചര്യങ്ങള്‍ നോക്കി വിലയിരുത്തും.
മുല്ലപ്പെരിയാറിന്റെ ദുരന്തനിവാരണ ഉപസമിതി, കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച ക്രൈസിസ് മാനേജ്മെന്റ് സമിതി, കേരളത്തിലെയും തമിഴ്നാട്ടിലെയും ചീഫ് സെക്രട്ടറിമാര്‍ എന്നിവരോട് വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം ഇന്ന് യോഗം ചേരണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ യോഗത്തിലാണ് തീരുമാനം.
ജനങ്ങളെ ബാധിക്കാത്ത രീതിയില്‍ വെള്ളം തുറന്നു വിടുമെന്നും ജനങ്ങളുടെയും അണക്കെട്ടിന്റെയും സുരക്ഷയാണു പ്രധാനമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉന്നതതലത്തില്‍ നിരീക്ഷിക്കുന്നുണ്ടെന്നും കാബിനറ്റ് സെക്രട്ടറി തന്നെ നേതൃത്വം നല്‍കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കണമെന്ന് രണ്ട് സംസ്ഥാനങ്ങള്‍ക്കും കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടരുതെന്ന ഹര്‍ജി സുപ്രീംകോടതിയിലെത്തിയിരുന്നു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ അഭാവമാണ് മുല്ലപ്പെരിയാര്‍ വിഷയത്തിലെ പ്രതിസന്ധിക്ക് കാരണമെന്നും ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു. ഹര്‍ജി ഇന്ന് ഉച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.