ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തി കനത്ത മഴ. ചെങ്ങന്നൂര്‍ തിരുവല്ല മേഖലകളില്‍ ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ആറന്മുള, കോഴഞ്ചേരി ഭാഗത്തും കനത്ത മഴയും കാറ്റും തുടരുന്നു. പമ്പയിലെ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുന്നുണ്ട്. സൈന്യത്തിന്റെ കൂടുതല്‍ ബോട്ടുകളും കൂടുതല്‍ ആളുകളെയും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ന് ഇവിടേക്ക് എത്തിക്കുന്നുണ്ട.
എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് കൃത്യമായി വിവരം ലഭ്യമല്ലാത്തതും തിരിച്ചടിയാകുന്നുണ്ട്. തിരുവല്ലയിലെ പല പ്രദേശങ്ങളിലും സമാന സാഹചര്യം നിലനില്‍ക്കുകയാണ്. ചെറിയ വള്ളങ്ങള്‍ക്ക് പലയിടങ്ങളിലൂടെയും കടന്നുപോകാനാകുന്നില്ല. ഈ മേഖലകളിലേക്ക് വലിയ വാഹനങ്ങള്‍ക്കും എത്തിപ്പെടാനാകുന്നില്ല. ഇതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. എംസി റോഡിലെ ഗതാഗതം നിലച്ചതും രക്ഷാപ്രവര്‍ത്തകര്‍ക്കും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനും തിരിച്ചടിയാവുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന പതിനായിരങ്ങളില്‍ നിരവധി പേര്‍ക്ക് ഭക്ഷണവും മരുന്നുകളുമില്ല. പാണ്ടനാട് മാത്രം 1500ഓളം പേര് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.