തിരുവനന്തപുരം: സംസ്ഥാനത്തിന്റെ രക്ഷാപ്രവര്‍ത്തനം ഇനിയെങ്കിലും സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൊലീസിനും അഗ്നിശമന സേനക്കും പരിമിതികളുണ്ട്. സൈന്യത്തിന് മാത്രമേ പൂര്‍ണമായ വിധത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളു. ദുരഭിമാനം വെടിഞ്ഞ് രക്ഷാദൗത്യം പൂര്‍ണമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് തൊഴുകയ്യുകളോടെ അപേക്ഷിക്കുകയാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുടിവെള്ളും ഭക്ഷണവും മരുന്നുമില്ലാതെ നിരവധി പേരാണ് കഷ്ടപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെട്ടിരിക്കുന്നു. കളക്ടര്‍മാരുടേയും വില്ലേജ് ഓഫീസര്‍മാരുടേയും പ്രവര്‍ത്തനം മതിയാവില്ലെന്ന് അറിയുന്നത് കൊണ്ടാണ് സൈന്യത്തെ വിളിക്കാന്‍ ആവശ്യപ്പെടുന്നത്. ഓഗസ്ത് 15 മുതല്‍ താന്‍ ഇത് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഈ ആവശ്യത്തെ പുച്ഛിച്ച് തള്ളിക്കളഞ്ഞു. ദുരഭിമാനം വെടിഞ്ഞ് പൂര്‍ണമായും കാര്യങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.