ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. ഇതിന് പുറമെ ചെറുതോണിയുടെ രണ്ട് ഷട്ടറുകളും അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. സെക്കന്റില്‍ 800 ഘനമീറ്റര്‍ ജലം ഒഴുക്കി വിട്ടിരുന്നത് 700 ഘനമീറ്ററായാണ് കുറച്ചത്. അതേസമയം 1,111 ഘനമീറ്റര്‍ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും ഡാമിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവില്‍ കുറവില്ലാത്ത സാഹചര്യമാണുള്ളത്. മുല്ലപ്പെരിയാറിലെ വെള്ളം കൂടി ഇവിടേക്ക് എത്തുന്നതാണ് ഡാമിലെ ജലനിരപ്പ് ഉയരാന്‍ കാരണമെന്നാണ് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കുന്നത്. നിലവില്‍ 2402.24 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്.
മുല്ലപ്പെരിയാറിലെ ജലനിരപ്പിലും നേരിയ കുറവുണ്ട്. 140 അടിയിലേക്ക് ജലനിരപ്പ് എത്തിയിട്ടുണ്ട്. ഇടമലയാറിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇവിടെ ജലനിരപ്പ് 168.37 മീറ്ററാണ് ജലനിരപ്പ്. 400 ഘനമീറ്റര്‍ വെള്ളം തുറന്നു വിടുന്നുണ്ട്. ജലനിരപ്പും കാര്യമായി കുറയുന്ന സാഹചര്യമാണ് ഇടമലയാറിലുള്ളത്.