കൊച്ചി: നാവികസേന വിമാനത്താവളത്തില്‍ നിന്ന് ഓഗസ്ത് 21ന് നടത്തുന്ന വിമാന സര്‍വീസുകളുടെ സമയക്രമമായി. നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് 70 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ചെറുവിമാനങ്ങള്‍ കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ നിന്നാണ് സര്‍വീസ് നടത്തുന്നത്.
ബെംഗലുരുവില്‍ നിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന വിമാനം 8.50ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് രാവിലെ 9.40ന് പുറപ്പെടുന്ന വിമാനം 11ന് ബംഗലുരുവിലെത്തും. 11.40ന് ബംഗലുരുവില്‍ നിന്നും മറ്റൊരു വിമാനം കൊച്ചിയിലേക്ക് പുറപ്പെടും. ഉച്ചക്ക് ഒരു മണിയോടെ ഇത് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് 1.50ന് പുറപ്പെടുന്ന വിമാനം 3.10ന് ബെംഗലുരുവിലെത്തും.
ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളി വഴി കൊച്ചിയിലേക്ക് വിമാന സര്‍വീസുണ്ടാകും. രാവിലെ 9.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10.20ന് തിരുച്ചിറപ്പള്ളിയിലെത്തും. തിരുച്ചിറപ്പള്ളിയില്‍ നിന്ന് 10.45ന് പുറപ്പെട്ട് 11.50ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് 12.45ന് പുറപ്പെടുന്ന വിമാനം 2.20ന് ചെന്നൈയിലെത്തും.
ഇതിന് പുറമെ രാവിലെ 5.35ന് ഹൈദരാബാദില്‍ നിന്ന് തിരിക്കുന്ന വിമാനം 7.55ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് രാവിലെ 8.45ന് തിരിക്കുന്ന വിമാനം 11.05ന് ഹൈദരാബാദിലെത്തും.