തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയിലിരിക്കെ ജര്‍മനിക്ക് പോയ മന്ത്രി കെ.രാജുവിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മഴക്കെടുതിയില്‍ കേരളം വലയുന്ന ഈ സമയത്ത് തന്നെ രാജു വിദേശയാത്ര നടത്തിയത് തെറ്റായിപ്പോയി. അതുകൊണ്ടാണ് പാര്‍ട്ടി അദ്ദേഹത്തെ ഉടന്‍ തിരിച്ചു വിളിച്ചത്. നടപടി എടുക്കണോ എന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കാനം പറഞ്ഞു.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതല രാജുവിനായിരുന്നു. എന്നാല്‍ ഇതിനിടെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനായി രാജു ജര്‍മനിയിലേക്ക് പോവുകയായിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച് രാജു ഇന്ന് തിരിച്ചെത്തും.