കൊച്ചി: സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. ചെങ്ങന്നൂരില്‍ 30,000 പേര് ഇനിയും പ്രളയ മേഖലയിലുണ്ടെന്നാണ് കണക്ക്. എന്നാല്‍, ഇവരാരും അപകട പ്രദേശങ്ങളില്‍ അല്ലെന്നും പുറത്തേക്കു വരാത്തവരാണെന്നും പൊലീസ് പറഞ്ഞു. വെള്ളക്കെട്ടിറങ്ങാത്ത സ്ഥലങ്ങളില്‍ വീടുകളില്‍ തുടരുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്. വെള്ളമിറങ്ങിയ വീടുകള്‍ വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണ്.
വെള്ളമിറങ്ങിത്തുടങ്ങിയ പുത്തന്‍കാവ്, ആറാട്ടുപുഴ, മാലക്കര പ്രദേശങ്ങളിലേക്കു ചെങ്ങന്നൂരിലെ ക്യാംപുകളില്‍ നിന്ന് ആളുകള്‍ മടങ്ങുന്നുണ്ട്. കുട്ടനാട്ടിലെ പ്രളയബാധിത മേഖലകളില്‍ പതിനായിരത്തോളം ആളുകളാണ് ഇനി അവശേഷിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ നാലായിരത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്.
പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായി. ജില്ലയില്‍ 518 ദുരിതാശ്വാസ ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാകും മുന്‍ഗണന നല്‍കുക.