തിരുവനന്തപുരം: പുതിയ കേരളം സൃഷ്ടിക്കേണ്ട സാഹചര്യമെന്ന് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി പ്രത്യേക പദ്ധതികള്‍ തയാറാക്കും. കൃഷി, ജലസേചനം തുടങ്ങിയ മേഖലകളില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പദ്ധതികള്‍ തയാറാക്കും. കേന്ദ്രത്തോടും നബാര്‍ഡിനോടും സഹായം അഭ്യര്‍ത്ഥിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും, വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്താന്‍ ജിഎസ്ടിക്ക് പുറമേ പത്ത് ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് ഈ വര്‍ഷം പ്രത്യേക പാക്കേജ് വേണം. 2600 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടും.
കേരളത്തിന്റെ പുനരുദ്ധാരണത്തിനായി യുഎഇ സര്‍ക്കാര്‍ 700 കോടി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അവര്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. യു.എ.ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ദുരിത ബാധിതമേഖലകളിലെ വായപ്കള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. എന്നാല്‍ സ്വകാര്യധനകാര്യസ്ഥാപനങ്ങളില് നിന്നും പണമെടുക്കുന്നവര്‍ക്ക് ഇത് ബാധകമല്ല. ദുരിതാശ്വാസക്യാംപുകളിലെത്തി ഇത്തരക്കാര്‍ പണം ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് കൊണ്ടുള്ള നിലപാട് എടുക്കാന്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി അറിയിച്ചു.