ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തവരെ പെണ്‍കുട്ടിയുടെ വീട്ടിലെ വളര്‍ത്തുനായ കടിച്ചോടിച്ചു. മധ്യപ്രദേശിലെ സഗാര്‍ ജില്ലയിലെ കരീലയിലായിരുന്നു സംഭവം. കൊതുകിനെ ഓടിക്കാന്‍ വീടിന്റെ മുറ്റത്ത് പുക ഇടുന്നതിനിറങ്ങിയ പെണ്‍കുട്ടികളെ രണ്ട് പേര് ആക്രമിക്കുകയായിരുന്നു. കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇതിനിടെ പെണ്‍കുട്ടിയുടെ ബഹളം കേട്ടെത്തിയ നായ അക്രമികളിലൊരാളുടെ കാലില്‍ കടിച്ചു. ഇവര്‍ കത്തി ഉപയോഗിച്ച് നായയെ പരിക്കേല്‍പ്പിച്ചുവെങ്കിലും നായ പിന്മാറിയില്ല. തുടര്‍ച്ചയായ കുര കേട്ട് അയല്പ്പക്കത്തുള്ളവര് ഇവിടെ എത്തുകയായിരുന്നു. അക്രമികള്‍ ഈ സമയം ഓടി രക്ഷപെട്ടു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐഷു അഹിര്‍വാള്‍, പണ്ഡിറ്റ് അഗര്‍വാള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.