കണ്ണൂർ : കേന്ദ്രസർക്കാർ കേരളത്തോട് സ്വീകരിച്ചത് നല്ല മനോഭാവമാണെന്ന് മന്ത്രി ഇപി ജയരാജൻ . മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് പ്രധാനമന്ത്രി തിരിച്ചു വിളിക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തുവെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി.
ആഭ്യന്തരമന്ത്രി കേരളത്തിൽ വന്ന് കാര്യങ്ങളൊക്കെ അന്വേഷിച്ചു. തുടർന്ന് പ്രധാനമന്ത്രി നേരിട്ടെത്തുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. അഞ്ഞൂറു കോടി അനുവദിച്ചു. തുടർന്നും സഹായങ്ങൾ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. കേന്ദ്രസർക്കാരുമായി കൂടുതൽ ചർച്ച ചെയ്ത് ആവശ്യമുള്ള കേന്ദ്രസഹായം വാങ്ങാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസർക്കാരിനെ പ്രശംസിച്ചിരുന്നു. കേരളം ആവശ്യപ്പെടുന്നതെല്ലാം കേന്ദ്രം നൽകിയെന്നും വളരെ അനുഭാവപൂർണമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും മുൻപെങ്ങുമില്ലാത്ത വിധമാണ് കേരളത്തെ സഹായിച്ചതെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.