GulfIndia

കേരളത്തിന് സഹായവുമായി പ്രവാസി വ്യവസായികൾ

ന്യൂഡൽഹി : പ്രളയക്കെടുതിയിൽ ഉഴലുന്ന കേരളത്തിനു സഹായവുമായി പ്രവാസി വ്യവസായികൾ . ഹെൽത്ത് കെയർ രംഗത്തെ അതികായനായ ബിആർ ഷെട്ടിയും വിപിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. ഷംസീർ വയലിലും അൽ അൻസാരി എക്സ്ചേഞ്ച് ചെയർമാനായ മുഹമ്മദ് അലി അൽ അൻസാരിയുമാണ് കേരളത്തിന് കൈത്താങ്ങാകാൻ സഹായധനം പ്രഖ്യാപിച്ചത്.

ആഗോള പ്രശസ്തനായ സംരംഭകനും ഫിനാബ്ലർ ഗ്രൂപ്പ് സ്ഥാപകനും യൂണിമണി, യുഎഇ എക്സ്ചേഞ്ച്, എൻ.എം.സി. ഹെൽത്ത് കെയർ ചെയർമാനുമായ ഡോ.ബി.ആർ.ഷെട്ടി, കേരള മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ സന്ദർശിച്ച് സംസ്ഥാനത്തിന്റെ ദുരിതാശ്വാസത്തിലും പുനർനിർമ്മാണത്തിലും തങ്ങളുടെ പിന്തുണ അറിയിക്കുകയും നാല് കോടി രൂപയുടെ ആദ്യ ചെക്ക് നല്കുകയും ചെയ്തു. നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രഖ്യാപിച്ചിരുന്ന രണ്ട് കോടിയാണ് ഡോ. ഷെട്ടി നാല് കോടിയായി ഇന്ന് തിരുവനന്തപുരത്ത് ഉയർത്തി നൽകിയത്.

ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒ.യുമായ പ്രമോദ് മങ്ങാട്ട്, എൻ.എം.സി.ഹെൽത്ത്കെയർ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ പ്രശാന്ത് മങ്ങാട്ട്, യൂണിമണി ഇന്ത്യയുടെ എം.ഡി.യും സി.ഇ.ഒ.യുമായ അമിത് സക്‌സേന എന്നിവരോടൊപ്പമാണ് അദ്ദേഹം മുഖ്യമന്ത്രിയെ കാണാനെത്തിയത്. തന്നോടും തന്റെ സംരംഭങ്ങളോടും ഏറ്റവും അടുത്തു നില്ക്കുന്ന മലയാളീ സമൂഹം അപ്രതീക്ഷിതമായ ഈ പ്രളയത്തിന്റെ ആഘാതത്തിൽ പെട്ടുഴലുന്ന സന്നിഗ്ദ്ധ ഘട്ടത്തിൽ തങ്ങളാലാവുന്നതൊക്കെ ചെയ്യുമെന്നും മാതൃകാപരമായ ഒത്തിണക്കത്തിലൂടെ ജനങ്ങളും സർക്കാരും സന്നദ്ധസേവന പ്രവർത്തകരും ഈ പ്രക്ഷുബ്ധ ഘട്ടം മറികടക്കുന്നത് ഏറെ ആശ്വാസകരമാണെന്നും ഡോ.ബി.ആർ.ഷെട്ടി പറഞ്ഞു.

വിലപ്പെട്ട ജീവനുകളും ആയുഷ്കാല സമ്പാദ്യവും വീടും വളർത്തുമൃഗങ്ങളും കൃഷിയും രേഖകളുമൊക്കെ നഷ്ടപ്പെട്ട ജനങ്ങളോടൊപ്പം റോഡുകളും പാലങ്ങളുമടക്കം പൊതുസൗകര്യങ്ങൾ നഷ്ടപ്പെട്ട സംസ്ഥാനത്തെയും മികച്ച അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരുന്ന വലിയ ദൗത്യത്തിന് തന്റെ എളിയ സംഭാവന ഉപകരിക്കട്ടെയെന്നും ദൈവത്തിന്റെ സ്വന്തം നാടിനെ പുനർനിർമ്മിക്കാനുള്ള സർക്കാർ സംരംഭങ്ങളോടൊപ്പം തങ്ങൾ എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ നാല് കോടി രൂപ കൂടാതെ ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ ഫൗണ്ടേഷൻ സമാഹരിക്കുന്ന കേരള പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്‌ 9.5 കോടി രൂപയും 25 ലക്ഷം വേറെയും ഡോ.ബി.ആർ.ഷെട്ടി കേരളത്തെ സഹായിക്കാനായി ഇതിനകം നല്കിയിട്ടുണ്ട്. കേരളത്തിലെ ആശ്വാസപ്രവർത്തനങ്ങളിൽ യൂണിമണി, യുഎഇ എക്സ്ചേഞ്ച്. എൻ.എം.സി.ഹെൽത്ത്കെയർ സ്ഥാപനങ്ങൾ വിവിധ കർമ്മപരിപാടികളും നടത്തിവരുന്നുണ്ട്.എന്നും ജനങ്ങളോടൊപ്പം ചേർന്നു നില്ക്കുന്ന ഒരു സേവനദാതാവെന്ന നിലയിൽ യുഎഇ എക്സ്ചേഞ്ച്, തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപഭോക്തൃ സമൂഹത്തെ ഉൾക്കൊള്ളുന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിന് പരമാവധി സഹായം ഉറപ്പാക്കുമെന്നും ഗ്രൂപ്പ് സി.ഇ.ഒ യും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

യുഎഇ എക്സ്ചേഞ്ചും യൂണിമണിയും പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങളിലും തങ്ങളുടെ ശാഖകളിലൂടെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർവീസ് ഫീസൊന്നുമില്ലാതെ സംഭാവനകൾ അയക്കാനുള്ള സംവിധാനം നേരത്തെ ആരംഭിച്ചിട്ടുണ്ടെന്നും അത് പത്ത് കോടിയോട് അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരും തങ്ങളുടെ തുകകൾ നൽകുന്നുണ്ട്. ഇന്ത്യയിലെ ജീവനക്കാർ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സേവനരംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ യിലെയും ഇന്ത്യയിലെയും തിരഞ്ഞെടുക്കപ്പെട്ട ശാഖകളിലൂടെ നിർദ്ദിഷ്ട സാധന സാമഗ്രികൾ സമാഹരിക്കുന്നുണ്ടെന്നും സൂചിപ്പിച്ചു.ജീവനക്കാർക്കൊപ്പം ഉപഭോക്താക്കൾക്കും സഹായനിധിയിലേക്ക് എളുപ്പത്തിൽ സംഭാവനകൾ എത്തിക്കുന്നതിനും യൂണിമണി സംവിധാനങ്ങളുണ്ട്. യൂണിമണി ഇന്ത്യയുടെ എക്‌സ്‌പേ മൊബൈൽ വാലറ്റിലൂടെ ഇതിലേക്ക് പണമയക്കാനും പ്രത്യേക സൗകര്യം ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം ദിർഹം സംഭാവനായി നൽകുമെന്ന് അൽ അൻസാരി എക്സ്ചേഞ്ച് എം.ഡി.യും ചെയർമാനുമായ മുഹമ്മദ് അലി അൽ അൻസാരി അറിയിച്ചു.അൽ അൻസാരിയുടെ എല്ലാ ശാഖകളിൽ നിന്നും സർവീസ് ചാർജ് കൂടാതെ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രളയം ദുരിതം വിതച്ച കേരളത്തിൽ പുനരധിവാസ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ശക്തി പകരാനായി വി.പി.എസ്‌ ഗ്രൂപ്പ് ആരംഭിക്കുന്ന 50 കോടിയുടെ ബഹുമുഖ പദ്ധതികൾ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡൊ. ഷംസീർ വയലിൽ പ്രഖ്യാപിച്ചു.ഭവന നിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ കേരളം പ്രളയം മുഖേന നേരിട്ട ദുരിതങ്ങൾ പരിഹരിക്കുന്നതിനും അതിനായി നൂതനവും പരിസ്ഥിതിയനുകൂലവുമായ മാർഗ്ഗങ്ങൾ കണ്ടെത്തി പ്രയോഗിക്കുന്നതിനുമാണ് പദ്ധതി.

വ്യവസായ പങ്കാളികളെയും പ്രാദേശിക ഭരണ കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി സമയ ബന്ധിതമായും വേഗത്തിലും പദ്ധതി പൂർത്തീകരിക്കും.
പ്രളയക്കെടുതി നേരിടുന്നതിൽ കേരള ഭരണകൂടവും ജനതയും കാണിച്ച ആത്മാർപ്പണവും ഐക്യവും ഏതു പ്രതിസന്ധിയും തരണം ചെയ്യാനാകുമെന്ന വിശ്വാസം നമ്മളിൽ ഉളവാക്കിയിരിക്കുന്നു. വിവിധ സേനാ വിഭാഗങ്ങളും സന്നദ്ധ പ്രവർത്തകരും മൽസ്യ ബന്ധന തൊഴിലാളികളും കേരളത്തിന്റെ അതിജീവനം എളുപ്പമാക്കി.

ഇനി വേണ്ടതു പുനരുദ്ധാരണ പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ നടപ്പാക്കുകയാണ്. അതിനാൽ ഏറ്റവും പ്രാഥമിക പരിഗണന അർഹിക്കുന്ന മേഖലകളിൽ ധന വിനിയോഗം നടത്തി പ്രളയ ബാധിത പ്രദേശങ്ങളുടെ പുനർനിർമാണം പൂർത്തീകരിക്കുന്നതിൽ കേരളത്തിനൊപ്പം നിൽക്കുകയാണ് വി.പി.എസ്‌ ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നത്. ഡോ. ഷംസീർ വയലിൽ പറഞ്ഞു.ബലി പെരുന്നാളും ഓണവും ഉൾപ്പെടെ കേരളത്തിലെ ജനങ്ങൾ ആഹ്ലാദ ചിത്തരാകുന്ന വേളയിൽ ദുരിതങ്ങൾ മറന്നു നമ്മൾ മുന്നേറും എന്ന പ്രതിജ്ഞയെടുത്തു കൊണ്ടാണ് കേരളത്തിനു വേണ്ടി വി.പി.എസ്‌ ഗ്രൂപ്പ് പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്തത്. എല്ലാ മലയാളികൾക്കും ഈദ് ഓണം ആശംസകൾ നേർന്നു കൊണ്ട് ഡോ. ഷംസീർ വ്യക്തമാക്കി.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close