കണ്ണൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്കെന്ന വ്യാജേന സ്വന്തം ആവശ്യങ്ങൾക്ക് ബക്കറ്റ് പിരിവ് നടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ. മൂന്ന്പെരിയ സ്വദേശി റിഷബ്, അലവിൽ സ്വദേശി സഫാൻ, കക്കാട് സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരാണ് പിടിയിലായത്. വ്യാജ പിരിവ് നടത്തുന്നതിനിടെ കണ്ണൂർ ടൗൺ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നഗരത്തിലെ തിരക്ക് മുതെലെടുത്ത് പോലീസ് മൈതാനത്തിന്റെ കവാടത്തിൽ “ദുരിതാശ്വാസ നിധിയിലെക്ക് ഉദാരമായി സംഭാവന ചെയ്യുക ” എന്ന് പേപ്പറിൽഎഴുതി ഒട്ടിച്ച രണ്ട് ബക്കറ്റുമായി മൂവർ സംഘം പിരിവ് നടത്തുകയായിരുന്നു. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. നിരവധി കേസുകളിൽ പ്രതിയായ കൃഷ്ണനിവാസിൽ റിഷബ്, അലവിൽ അഷിയാന വീട്ടിൽ സഫാൻ, കക്കാട് സുബൈദ മൻസിലിൽ മുഹമ്മദ് ഇർഫാൻ എന്നിവരെയാണ് പിടികൂടിയത്. ഇവർ പിരിച്ച പൈസയും കണ്ടെടുത്തു.
സമാനമായ രീതിയിൽ പലരും വ്യാജ ബക്കറ്റ് പിരിവ് നടത്തുന്നതായി രഹസ്യാന്വേക്ഷണ വിഭാഗം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വ്യാജപിരിവുകാർക്കെതിരെ കർശന നടപടി എടുക്കുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.