കൊച്ചി: കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ എംപിലാഡ്സ് ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ നല്‍കുമെന്ന് കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അതാവലെ പറഞ്ഞു. എറണാകുളം ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ദുരിതാശ്വാസ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യ മന്ത്രാലയവുമായും ചര്‍ച്ച ചെയ്യും. കേന്ദ്ര ഗവണ്മെന്റും ഇന്ത്യയിലെ എല്ലാ ജനങ്ങളും കേരളത്തിനൊപ്പമുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയമോ മറ്റ് വിവേചനങ്ങളോ ഇല്ല.
കേരളത്തിന്റെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കാന് കോര്‍പ്പറേറ്റ് ലോകത്തോടും കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തു. റിലയന്‍സ്, ടാറ്റ, ഗോദ്റേജ് പോലുള്ള വലിയ കമ്പനികള്‍ ദുരന്തത്തില്‍ തകര്‍ന്ന ഗ്രാമങ്ങള്‍ ദത്തെടുത്ത് അവയ്ക്ക് വേണ്ട സഹായങ്ങള്‍ നല്‍കണം. ഇത് സംബന്ധിച്ച് വ്യവസായികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ കലക്ടര്‍ ശ്രീ കെ. മുഹമ്മദ് വൈ. സഫീറുള്ള, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ആലുവ, കളമശ്ശേരി, പറവൂര്‍ എന്നിവിടങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര മന്ത്രി തന്റെ രണ്ടു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു.