Kerala

പ്രളയക്കെടുതി മൂലം നഷ്ടമായ രേഖകൾ വീണ്ടെടുക്കാം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് ഒരൊറ്റ കേന്ദ്രത്തില്‍നിന്ന് ഇവ നല്‍കാന്‍ സംവിധാനം സര്‍ക്കാര്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിവരസാങ്കേതികവിദ്യാ വകുപ്പ് മറ്റു വകുപ്പുകളുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി നിര്‍വഹണത്തിനുള്ള സോഫ്റ്റ് വെയര്‍ ധൃതഗതിയില്‍ തയാറാക്കുകയാണ്.

രേഖ നഷ്ടപ്പെട്ടയാളുടെ പേര്, മേല്‍വിലാസം, പിന്‍കോഡ്, വയസ്, ഫോണ്‍നമ്പര്‍, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രധാനരേഖകള്‍ സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളില്‍നിന്ന് വീണ്ടെടുക്കാനുള്ള പദ്ധതിയാണ് വികസിപ്പിക്കുന്നത്. പേരിലും മറ്റും അന്തരം ഉണ്ടെങ്കിലും കണ്ടുപിടിക്കാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനത്തിന്റെ രൂപകല്‍പന.

സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന അദാലത്തുകള്‍വഴി പൗരന്റെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുത്ത് വിതരണം ചെയ്യാനാണ് ഉദ്ദേശ്യം. പ്രാരംഭമായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അവരുടെ ഡാറ്റാബേസുകള്‍ വിവര സാങ്കേതികവിദ്യാ വകുപ്പുമായി പങ്കുവയ്ക്കാനുള്ള നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ഈ മാസം 30ന് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് വാര്‍ഡില്‍ നടക്കും.

ദുരിതബാധിതമായ എല്ലാ വീടുകളുടെയും നിലവിലെ സ്ഥിതി സന്നദ്ധസംഘടനകളുടെ കൂടി സഹായത്തോടെ ഒരു മൊബൈല്‍ ആപ്പ് വഴി രേഖപ്പെടുത്തി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. വിവര ശേഖരണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് തദ്ദേശസ്ഥാപനത്തിന്റെ കീഴില്‍ ആവശ്യമായ സാങ്കേതികപിന്തുണ ഏര്‍പ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം നല്‍കും. പ്രാദേശിക സോഷ്യല്‍ ഓഡിറ്റിംഗായി സംവിധാനം മാറും. പ്രളയബാധിത പ്രദേശമല്ലെങ്കിലും മഴക്കെടുതി നാശം വിതച്ച എല്ലാ സ്ഥലങ്ങളിലും ഈ സംവിധാനം ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

271 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close