Kerala

അത് ഞങ്ങ ശരിയാക്കിക്കോളാം സാറേ : ദുരിത മുഖത്തെ നന്മമരങ്ങൾ

കൃഷ്ണകുമാർ

മനുഷ്യന്റെ ഒടുങ്ങാത്ത ആർത്തിയുടെ സൃഷ്ടിയായ ഈ പ്രളയം, മറക്കാനാകാത്ത പല അനുഭവങ്ങളും നമുക്ക് തന്നു.പലതും കണ്ടു. പലതും മനസിൽ ‘ കൊണ്ടു ‘. മാന്യരെന്ന് കരുതിയിരുന്നവർ തനിനിറം കാട്ടുന്നതും , കണ്ടാൽ മിണ്ടാത്തവർ പക്ഷേ എന്തിനും തയ്യാറായി വരുന്നതും കണ്ടു.

ആർത്തലച്ചു വരുന്ന വെള്ളത്തെ എതിരിട്ട് വഞ്ചിയിൽ ചെന്ന് രണ്ടുദിവസമായി കുടിവെള്ളം പോലുമില്ലാതെ കോടികൾ മുടക്കി വാങ്ങിയ റിവർ ഫ്രണ്ട് ഫ്ലാറ്റിലും , അതുപോലെ തേക്കാത്ത ഒറ്റമുറിവീട്ടിലും കിടന്നവരെ കൈ പിടിച്ച് കയറ്റുമ്പോൾ രക്ഷാപ്രവർത്തനത്തിന് ചെന്ന ഞങ്ങളെ ദൈന്യതയോടെ നോക്കിയത് ഒരേ മനുഷ്യ മുഖങ്ങളായിരുന്നു.

ഈ പ്രവർത്തനത്തിൽ കൈ മെയ് മറന്ന് ഞങ്ങളെ സഹായിച്ച വ്യാസഭഗവാന്റെ പരമ്പരയിൽ പെട്ട മത്സ്യ പ്രവർത്തകരെ കാലു തൊട്ട് തൊഴുന്നു. ലക്ഷങ്ങൾ ലോൺ എടുത്ത് വാങ്ങിയ അവരുടെ വഞ്ചികൾ കനത്ത കുത്തൊഴുക്കിൽ പലപ്പോഴും മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് വശങ്ങൾ തകർന്നപ്പോഴും , പുഞ്ചിരിയോടെ , “അതു ഞങ്ങ ശരിയാക്കിക്കോളാം സാറേ ” എന്നു പറയുന്ന അവരെക്കണ്ടപ്പോൾ പതിനായിരം രൂപ പോലും വിലയില്ലാത്ത മാരുതികാർ അബദ്ധത്തിൽ എതിരെ വരുന്ന വണ്ടിയിലുരസി പെയിന്റ് പോയാൽ, അവന്റെ അമ്മക്കും മുത്തിക്കും വിളിക്കുന്ന നമ്മളിൽ പലരേയും സഹതാപത്തോടെ ഓർത്തുപോയി.

അതിരാവിലെ മുതൽ വഞ്ചിയിൽ പോയി അഞ്ചു നിമിഷം പോലും വിശ്രമിക്കാതെ അനേകരെ രക്ഷിച്ചു കൊണ്ടുവരുന്നതിനിടയിൽ വൈകീട്ട് മൂന്നുമണിക്ക് ഒരു പൊതിച്ചോർ നീട്ടിയപ്പോൾ നിരസിച്ചു കൊണ്ട് ,നഹീം ഭായ്, ദേർ ഹോഗാ (വേണ്ട സഹോദരാ സമയം വൈകും) എന്നു പറഞ്ഞ്, കയ്യിലിരുന്ന ഒണക്ക റൊട്ടി കടിച്ചു കൊണ്ട് – ചലോ ഭായ് എന്ന് പറഞ്ഞ് വീണ്ടും പണി തുടങ്ങിയ ബംഗാളുകാരനായ അജയ് ശർമ്മ എന്ന സൈനികനെ , ആരാധനയോടെ നോക്കാനേ കഴിഞ്ഞുള്ളൂ. (കുറച്ചു വർഷം മുൻപ് കാൻറീനിലെ ഊണിൽ പപ്പടം ഇല്ലായിരുന്നു എന്ന പേരിൽ മിന്നൽ പണിമുടക്ക് നടത്തിയ റയിൽവേ ജീവനക്കാരും നമ്മുടെ നാട്ടിൽ ഉണ്ട്!!! ) .

രസകരമായതും അതുപോലെ വേദനിപ്പിക്കുന്നതുമായ അനുഭവങ്ങളും നിരവധി … നടക്കാൻ പോലും പറ്റാത്ത അപ്പൂപ്പനെ വഞ്ചിയിൽ നിന്ന് എടുത്തിറക്കി ചുമന്നുകൊണ്ടു പോയി കരയിൽ കസേരയിലിരുത്തി കുറച്ചു കഴിഞ്ഞപ്പോൾ അപ്പൂപ്പൻ വീണ്ടും കുത്തൊഴുക്കിലേക്ക് ചാടിയിറങ്ങാൻ തുടങ്ങുന്നു… തടഞ്ഞപ്പോൾ എന്റെ കുട… എന്റെ കുട എന്ന് പറയുന്നു … വഞ്ചിയിൽ നിന്ന് തപ്പിയെടുത്തു കൊടുത്ത തീരെ പഴഞ്ചൻ കുട കയ്യിൽ കിട്ടിയപ്പോൾ അപ്പൂപ്പന്റെ മുഖത്ത് ആയിരം സൂര്യൻ ഉദിച്ചു. അകാലത്തിൽ പൊലിഞ്ഞ മകൻ 20 വർഷം മുൻപ് വാങ്ങിക്കൊടുത്ത കുടയാണത്രേ..

മുതലാളിമാർ പൊതുവേ തൊഴിലാളി വിരുദ്ധരാണെന്നാണ് തൊഴിലാളി സംഘടനകൾ പറയാറ് .. പക്ഷേ രാവിലെ മുതൽ രക്ഷപ്പെടുത്തിയവരേയും കൊണ്ട് വരുന്ന ഓരോ വഞ്ചിയുടെ അടുത്തേക്കും ഓടി നിരാശയോടെ തിരിച്ചു വരുന്ന തൃശൂർ കാരനായ ഒരാളെക്കണ്ട് ചോദിച്ചു . സാറിന്റെ ബന്ധുക്കളാരെങ്കിലും പെട്ടു പോയിട്ടുണ്ടോ? ഇല്ല … എന്റെ കടയിലെ പണിക്കാരൻ ശശികുമാറും കുടുംബവും കടുങ്ങലൂരിൽ പെട്ടു പോയിട്ടുണ്ട് – പാവം അവന് ആസ്മയുടെ അസുഖമുള്ളതാ..

ഒടുവിൽ സന്ധ്യയായപ്പോൾ തിരക്കിൽ നിന്നും കെട്ടിപ്പിടിച്ചു കൊണ്ട് വരുന്ന മുതലാളിയേയും തൊഴിലാളിയേയും കണ്ടു !! രണ്ടു പേരും കരയുന്നു. മുതലാളിയുടേയും തൊഴിലാളിയുടേയും കണ്ണുനീർ കുത്തിയൊഴുകുന്ന പെരിയാറിന് മുതൽക്കൂട്ടായി … ഇങ്ങനെ മനുഷ്യന്റെ നിസ്സാരത ബോദ്ധ്യപ്പെടുത്തുന്ന എത്ര അനുഭവങ്ങൾ

( ആർ.എസ്.എസ് എറണാകുളം വിഭാഗ് കാര്യവാഹ് കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും )

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close