ആലപ്പുഴ: കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് കൈത്താങ്ങുമായി മഹാരാഷ്ട്ര സർക്കാർ. കഴിഞ്ഞ ഒരാഴ്ചയോളം ആയി മഹാരാഷ്ട്രയിൽ നിന്നും എത്തിയ 90 ഓളം ഡോക്ടർമാർ കേരളത്തിലെ വിവിധ ജില്ലകളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തി വരികയാണ്. കൂടാതെ പത്ത് ലക്ഷം രൂപയുടെ മരുന്നുകളും ഇവർ കേരളത്തിലേക്ക് എത്തിച്ചു. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ഗിരീഷ് മഹാജൻ നേരിട്ട് എത്തി ആയിരുന്നു കേരളത്തിലെ ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിച്ചത്.
കഴിഞ്ഞ ഒരാഴ്ചയോളം ആയി പ്രളയ ബാധിത ജില്ലകളിൽ കർമ്മ നിരതരായി പ്രവർത്തിക്കുകയാണ് മഹാരാഷ്ട്ര സർക്കാറിന്റെ ആരോഗ്യ വിഭാഗം. മൂന്നു ജില്ലകൾ കേന്ദ്രീകരിച്ച് മൂന്നു സംഘങ്ങൾ ആയി തിരിഞ്ഞ് ആയിരുന്നു ഇവരുടെ പ്രവർത്തനം. 90 വിദഗ്ദ്ധരായ ഡോക്ടർമാർ ആയിരുന്നു മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകുന്നത്.
ഇരുപത്തി ഓന്നാം തീയതി ആയിരുന്നു സംഘം കേരളത്തിൽ എത്തിയത്. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ഗിരീഷ് മഹാജൻ നേരിട്ട് എത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഇതുവരെ പതിനാറായിരത്തോളം ആളുകളെ ആണ് ഇവർ ചികിത്സിച്ചത്.
കൂടാതെ പ്രളയം മുങ്ങി കിടക്കുന്ന പ്രദേശങ്ങളിലെ വെള്ളം വറ്റിക്കാനായി 50 പമ്പുകളും കേരളത്തിന് മന്ത്രി ഗിരീഷ് മഹാജൻ നൽകി. ഇതോടെ ഒരു വലിയ പ്രശ്നത്തിന് പരിഹാരം ആയതായി മന്ത്രി തോമസ് ഐസക്കും വ്യക്തമാക്കി.