കോട്ടയം : ടാർപ്പോളിൻ കെട്ടിയ സേവാഭാരതി വണ്ടി കാലിയായി ഓടിയെന്ന നുണപ്രചാരണം നടത്തിയവർക്കെതിരെ സേവാഭാരതി പ്രവർത്തകർ പൊലീസിൽ പരാതി നൽകി. സേവാഭാരതി മറ്റക്കര മണ്ഡലത്തിന്റെ പ്രവർത്തകനായ ആദിത്യകൃഷ്ണനാണ് അയർക്കുന്നം പൊലീസിൽ പരാതി നൽകിയത്. സംഘടനയുടെ പേരു നശിപ്പിക്കാനും കരിവാരിത്തേക്കാനും മന:പൂർവ്വം ദുഷ് പ്രചാരണങ്ങൾ നടത്തുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ഓൺലൈൻ ന്യൂസായ നാരദ , അഷ്കർ ലെസ്സിരെയ് , ഫഹദ് ഫഹദ് , റൗഫൽ റൗഫു തുടങ്ങിയ ഫേസ്ബുക്ക് പ്രൊഫൈലുകൾക്കുമെതിരെയാണ് കേസ് നൽകിയത്. സംഘടനയെ അപകീർത്തിപ്പെടുത്താനും അതുവഴി സാമൂഹ്യ പ്രശ്നങ്ങളുണ്ടാക്കാനുമുള്ള ഇവരുടെ പ്രവർത്തനങ്ങൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്.
151-)0 നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ നിന്നും മറ്റക്കര എസ്.എൻ.ഡി.പി യോഗത്തിൽ നിന്നും തിരുഹൃദയ ദേവാലയത്തിൽ നിന്നും നാട്ടുകാരിൽ നിന്നും സ്വീകരിച്ച പൊതിച്ചോറുകളും കുപ്പിവെള്ളവും കൊണ്ടു പോയ വാഹനങ്ങളുടെ ചിത്രമിട്ടാണ് ദുഷ്പ്രചാരണം നടത്തിയത് . ഈ പ്രചാരണം നടത്തിയവരേയും അത് ഷെയർ ചെയ്തവരേയും നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
വണ്ടി വാടക 1200 രൂപയും ഡ്രൈവറിനു 800 രൂപയും കൊടുത്ത് ഡീസൽ അടിച്ച് വെറുതെ വണ്ടി ഓടുകയായിരുന്നെന്ന് ഡ്രൈവർ പറഞ്ഞതായും നുണപ്രചാരണം നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം പച്ചക്കള്ളമാണെന്നും ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും ഡ്രൈവർ സ്റ്റേഷനിൽ മൊഴികൊടുത്തു.
അതേസമയം ദുഷ്പ്രചാരണത്തിനെതിരെ മറ്റക്കര സ്വദേശിനിയായ മാദ്ധ്യമ പ്രവർത്തകയും രംഗത്തെത്തി. തന്റെ വീട്ടിൽ നിന്നുള്ള പൊതിച്ചോറും ആ വാഹനത്തിലുണ്ടായിരുന്നെന്ന് മാദ്ധ്യമ പ്രവർത്തകയായ കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/photo.php?fbid=1389924167808243&set=a.207926056008066&type=3&theater
എന്റെ സുഹ്യത്തുക്കൾ ഉൾപ്പെടെ ഒരു കൂട്ടം യുവജനങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം എത്തിക്കുന്നതിന് നേത്യത്വം നൽകിയത്. കൂടാതെ കുമരകത്തെ ക്വാമ്പിൽ ഭക്ഷണം ഇല്ലെന്ന വിവരം അറിഞ്ഞ ഞാൻ ഇവരിൽ ഒരാളെ വിളിക്കുകയും ചെയ്തിരുന്നു. നല്ല പ്രവർത്തികൾക്ക് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത് .അതിനെതിരേ നിൽക്കുകയല്ല. മറ്റക്കരയിലെ യുവജന പങ്കാളിത്തം കണ്ട ദിവസങ്ങളായിരുന്നു പ്രളയ ദിനത്തിൽ ഞങ്ങൾ സാക്ഷ്യം വഹിച്ചത്.”
എന്നാണ് കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചത് .
മറ്റക്കരയിലെ യുവജനങ്ങളേയും സേവാഭാരതിക്ക് പൊതിച്ചോർ നൽകിയവരേയും അപമാനിക്കാനുള്ള ശ്രമങ്ങൾക്കെതിരെ മറ്റക്കരയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത് . സേവാഭാരതിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിറളി പൂണ്ടവരാണ് ഇത്തരം നാണംകെട്ട പ്രവർത്തിയുമായി രംഗത്തെത്തുന്നതെന്ന് സേവാഭാരതി പ്രവർത്തകർ ചൂണ്ടിക്കാട്ടി.