ആറ്റിങ്ങൽ : ദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞ് തിരിച്ചെത്തിയ ദിവ്യാംഗനെ കഞ്ചാവ് മാഫിയ ആക്രമിച്ചു. ആറ്റിങ്ങൽ സ്വദേശി അനൂപിനാണ് സിപിഎം പിന്തുണയുള്ള കഞ്ചാവ് മാഫിയയുടെ വെട്ടേറ്റത് . തലക്ക് വെട്ടിയെങ്കിലും അനൂപ് ഒഴിഞ്ഞു മാറിയതിനെ തുടർന്ന് വെട്ട് മുഖത്ത് ഏൽക്കുകയായിരുന്നു . ചുണ്ടിൽ മുറിവേറ്റ അനൂപിന് പതിനേഴ് തയ്യലുകൾ വേണ്ടി വന്നു. അനൂപിന്റെ കൃത്രിമക്കാലും അക്രമികൾ തകർത്തു.
സ്ഥലത്ത് കഞ്ചാവ് മാഫിയക്കെതിരെ പ്രവർത്തിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്ന് അനൂപ് പറയുന്നു. ഇവർക്കെതിരെ അനൂപ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സിപിഎം ബന്ധമുള്ള ക്രിമിനലുകളെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാൻ രാഷ്ട്രീയ സമ്മർദ്ദം നിമിത്തം പൊലീസിനു കഴിയുന്നില്ലെന്നാണ് അനൂപ് പറയുന്നത്.
ശാരീരിക അവശതകൾ മറന്ന് ചെങ്ങന്നൂരിൽ ദുരിതാശ്വാസം നടത്തിയ അനൂപിന്റെ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞ് തിരിച്ചെത്തിയ അന്നാണ് അനൂപിനെ അക്രമികൾ വെട്ടിയത്.