സത്യമപ്രിയം

മോദിക്കു മുന്നില്‍ വീണ്ടും തോറ്റ പിണറായി

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത, സമാനതകളില്ലാത്ത പ്രളയത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിച്ചത്. ഒരുപക്ഷേ, ഇന്നത്തെ തലമുറ ഇതിനേക്കാള്‍ വലിയ പ്രളയദുരിതം കണ്ടിട്ടില്ല. ദുരന്തം നേരിടുന്നതില്‍ എല്ലാ വിഭാഗം ജനങ്ങളും സംസ്ഥാന സര്‍ക്കാരിനൊപ്പമായിരുന്നു. ചെങ്ങന്നൂര്‍, പത്തനംതിട്ട, കുട്ടനാട്, ആലപ്പുഴ, ആലുവ, പറവൂര്‍, ചാലക്കുടി തുടങ്ങി അഞ്ചു ജില്ലകളിലായി പതിനായിരങ്ങള്‍ അഭയാര്‍ത്ഥികളായി. ഒരുലക്ഷത്തോളം വീടുകള്‍ മുങ്ങി. കോടികളുടെ ഗൃഹോപകരണങ്ങള്‍ നശിച്ചു. വര്‍ഷങ്ങളോളമുള്ള ജീവിത സമ്പാദ്യം പ്രളയജലം കൊണ്ടുപോകുന്നത് കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളൂ.

പ്രളയം നേരിടുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ സാമാന്യം നല്ല പ്രവര്‍ത്തനം തന്നെ കാഴ്ചവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പതിവു ജാഡകളും ദുര്‍വാശികളും മാറ്റിവച്ച് ജനങ്ങള്‍ക്കിടയിലേക്കിറങ്ങി. കുറെ കാര്യങ്ങള്‍ ചെയ്തു. പക്ഷേ, രമേശ് ചെന്നിത്തലയും പി.എസ്. ശ്രീധരന്‍ പിള്ളയും ചൂണ്ടിക്കാട്ടിയതുപോലെ ചില കാര്യങ്ങളില്‍ ഗുരുതരമായ വീഴ്ചയുണ്ടായി. കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നതും സംസ്ഥാനത്തുടനീളം മഴ കനക്കുന്നതും സംസ്ഥാനസര്‍ക്കാര്‍ കണ്ടറിഞ്ഞില്ല. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ നീരൊഴുക്ക് കനത്തതും അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നതും പഠിക്കാനോ നടപടി സ്വീകരിക്കാനോ സര്‍ക്കാരിന് കഴിയാതെപോയി.

ഇവിടെയാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്. അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് വരെ വെള്ളം എത്തുന്നത് കാത്തിരിക്കേണ്ട കാര്യമെന്തായിരുന്നു. ഇടുക്കിയും മുല്ലപ്പെരിയാറും മുന്നറിയിപ്പ് കൊടുത്ത് തുറന്നപ്പോള്‍ പമ്പാനദിയിലെ എട്ട് അണക്കെട്ടുകളില്‍ ബഹുഭൂരിപക്ഷവും ഒരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ തുറന്നുവിടുകയായിരുന്നു. ഇതുകാരണമാണ് പമ്പയില്‍ വന്‍തോതില്‍ വെള്ളം പൊങ്ങിയതും പതിവ് ശബരിമല ദര്‍ശനം പോലും സാധ്യമാകാതെ വന്നതും.

ഇത്രയും വലിയ വെള്ളപ്പൊക്കം വരാന്‍ പോകുന്നുവെന്ന് തിരിച്ചറിയാനുള്ള ഒരു സംവിധാനവും ഡാം സേഫ്റ്റി അതോറിറ്റിക്കോ സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിനോ ഉണ്ടായില്ല. അണക്കെട്ടില്‍ വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയപ്പോള്‍ മുന്നറിയിപ്പ് പോലും നല്‍കാതെ തുറന്നുവിടുകയാണുണ്ടായത്. ഇതു കാരണമാണ് പത്തനംതിട്ട ജില്ലയുടെ പല പ്രദേശങ്ങളിലും പ്രളയജലം ജീവനുകള്‍ കവര്‍ന്നെടുക്കാന്‍ കാരണം. എവിടെയാണ് പിഴച്ചത്? പിഴവ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു മാത്രമല്ലേ?

സംസ്ഥാന സര്‍ക്കാരിന്റെ കഴിവിനും നിയന്ത്രണത്തിനും അപ്പുറത്തേക്ക് കാര്യങ്ങള്‍ വഴുതി നീങ്ങിയിട്ടും ജീവന്‍ രക്ഷിക്കാനെങ്കിലും രക്ഷാദൗത്യം പൂര്‍ണ്ണമായും സൈന്യത്തെ ഏല്‍പ്പിക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പിന്നോട്ടു വലിച്ചത് എന്താണ്? അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ധാര്‍ഷ്ട്യവും അല്പത്തവും മാത്രമായിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായും സൈന്യത്തെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഓരോ സ്ഥലത്തും റവന്യൂ വകുപ്പിലെ ശിപായി മുതല്‍ ജില്ലാ കളക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥരുടെ അനുമതിക്കായി സൈന്യത്തിന് കാത്തുനില്‍ക്കേണ്ടി വരുമായിരുന്നില്ല. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് രാത്രി 11.30 ന് ഇറങ്ങിയ സൈനിക സംഘത്തിന് അടുത്തദിവസം വൈകുന്നേരം വരെ അനുമതി കാത്ത് നില്‍ക്കേണ്ടി വന്നുവെന്നത് പ്രളയത്തിനേക്കാള്‍ വലിയ ദുരന്തമായിരുന്നു.

ഇതിനെ പിടിപ്പുകേട് എന്നല്ലാതെ വിളിക്കാന്‍ പഴയ ‘പരനാറി’ ഡിക്ഷണറിയില്‍ വേറെ വാക്കുകള്‍ ഉണ്ടോ എന്നറിയില്ല. ഈ തരത്തില്‍ സൈനികസംഘത്തിന് പലയിടത്തും കാത്തുകിടക്കേണ്ടി വന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലല്ലാതെ സൈന്യം രക്ഷാദൗത്യം നടത്തിയാല്‍ അത് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും രാഷ്ട്രീയ മേല്‍ക്കൈ ഉണ്ടാക്കുമെന്ന മിഥ്യാധാരണയോ അവഹേളനപരമായ അഭിമാനബോധമോ ആണ് പിണറായിയെ ഇങ്ങനെയൊരു തീരുമാനത്തില്‍ തളച്ചിട്ടത്. അതിന്റെ പരിണതഫലമാകട്ടെ, നിരവധി സാധുക്കളുടെയും അവരുടെ വളര്‍ത്തുമൃഗങ്ങളുടെയും ജീവന്‍ നഷ്ടപ്പെട്ടു. ഉടുതുണിക്ക് മറുതുണിയില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പായേണ്ടി വന്നു. ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് നിക്ഷേപവും സ്വത്തുവകകളുമുള്ള ഉന്നതകുലജാതരായ പലരും ഒരു കഷ്ണം ബ്രഡ്ഡിനും ഒരുനേരത്തെ ഭക്ഷണത്തിനും ഒക്കെയായി അലയേണ്ടിവന്നു. ഇത് സര്‍ക്കാര്‍ സൃഷ്ടിച്ച പിടിപ്പുകേടിന്റെ ആത്യന്തിക ഫലമായിരുന്നില്ലേ?

ആദ്യത്തെ മഴയ്ക്കുതന്നെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെയും അല്‍ഫോന്‍സ് കണ്ണന്താനത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക് അയച്ചു. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇടക്കാലാശ്വാസം നല്‍കുകയും ചെയ്തു. അതിനിടെയാണ് വീണ്ടും മഴ കനത്തത്. അപ്പോള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. നൂറുകോടി രൂപ ധനസഹായമായി പ്രഖ്യാപിച്ചു. വീണ്ടും മഴതുടരുകയും പ്രളയസമാനമായ സ്ഥിതിഗതികള്‍ ഉണ്ടാവുകയും ചെയ്തപ്പോള്‍ ആരും വിളിക്കാതെ, ആരും പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ കേരളത്തിലെത്തി. ചോദിച്ചതിനേക്കാള്‍ ഏറെ ഹെലി കോപ്റ്ററുകളും ബോട്ടുകളും എത്തിച്ചു. ഒപ്പം 500 കോടി രൂപ ഇടക്കാല സഹായധനമായി അനുവദിച്ചു.

ഓരോ തവണയും കേന്ദ്രസര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. ഇതിനിടെയാണ് ആവശ്യത്തിന് സൈന്യത്തെയും ഹെലികോപ്റ്ററും കിട്ടിയില്ലെന്ന് ആരോപിച്ച് ചെങ്ങന്നൂരിലെ പുത്തന്‍കൂറ്റുകാരനായ എം എല്‍ എ സജി ചെറിയാന്‍ രംഗത്തുവന്നത്. സജി ചെറിയാന്‍ വേവലാതികൊണ്ട് പറഞ്ഞതാണെന്ന് മുഖ്യമന്ത്രി തിരുത്തി. പക്ഷേ, അതിനുശേഷവും ഇത്രയും മാന്യമായി പെരുമാറിയ നരേന്ദ്ര മോദിയ്ക്ക് എതിരെ ഇടതുപക്ഷത്തെ ഇത്തിക്കള്‍കണ്ണികളും വിഷവൃക്ഷങ്ങളും പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ എല്ലാ ബി ജെ പി സംസ്ഥാനങ്ങളില്‍ നിന്നും ഇതര സര്‍ക്കാരുകളില്‍ നിന്നും കേരളത്തിന് സഹായം വന്നു. അമ്പതിനായിരം ടണ്‍ അരി അധികമായി അനുവദിച്ചു. പിന്നീട് അതിന് പണം നല്‍കണമെന്നായിരുന്നു പ്രചാരണം.

കേരളത്തിലെ തകര്‍ന്ന റോഡുകള്‍ മരാമത്ത് നടത്താനുള്ള പണം കേന്ദ്രസര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞു. ടണ്‍ കണക്കിന് അരിയും ഗോതമ്പും മറ്റ് ഭക്ഷ്യവിഭവങ്ങളും കേന്ദ്രം നല്‍കി. എല്ലാ തരത്തിലും സഹായിച്ചിട്ടും ഒന്നും സഹായിച്ചില്ലെന്ന് പ്രചരിപ്പിക്കുന്നതിന്റെ പിന്നില്‍ രാഷ്ട്രീയമല്ല, രാഷ്ട്രീയ ദുഷ്ടലാക്ക് തന്നെയാണ്. പ്രധാനമന്ത്രി 500 കോടി ഇടക്കാല ദുരിതാശ്വാസം പ്രഖ്യാപിച്ചപ്പോള്‍ അതിനേക്കാള്‍ കൂടുതല്‍, 700 കോടി രൂപ യു എ ഇ ഭരണാധികാരി അനുവദിച്ചു എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. യു എ ഇ ഭരണാധികാരി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ചര്‍ച്ച നടത്തിയിരുന്നതാണ്. അദ്ദേഹം ദുരന്തത്തിന് കഴിയാവുന്ന സഹായങ്ങളെല്ലാം വാഗ്ദാനം ചെയ്ത് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നന്ദി പറഞ്ഞും ട്വീറ്റ് ചെയ്തു. പക്ഷേ 700 കോടി രൂപ എവിടെയും പറഞ്ഞിട്ടുണ്ടായിരുന്നില്ല.

പത്രപ്രവര്‍ത്തനം സത്യാന്വേഷണമായതുകൊണ്ടാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. അതിന് പ്രേരിപ്പിച്ചതാകട്ടെ, കേരളം പ്രത്യേകം റിപ്പബ്ലിക്ക് ആകണമെന്നും കേരളത്തോട് കേന്ദ്രം തമ്പുരാന്‍ മനോഭാവം കാണിക്കുന്നു എന്നുമൊക്കെയുള്ള ആരോപണങ്ങളായിരുന്നു. യു എ ഇ ഭരണാധികാരിയുടെ 700 കോടി വാങ്ങാന്‍ കേന്ദ്രം അനുമതി നിഷേധിച്ചു എന്നായിരുന്നു മറ്റൊരു വ്യാഖ്യാനം. ഇതെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഇങ്ങനെയൊരു സംഭവം, വ്യക്തമായി പറഞ്ഞാല്‍ 700 കോടി രൂപയുടെ വാഗ്ദാനം ഉണ്ടായിട്ടേയില്ല എന്ന് വ്യക്തമായത്. കേന്ദ്രം പീഡിപ്പിക്കുന്നു എന്ന ആരോപണം ഉയര്‍ത്തിയത് മുഖ്യമന്ത്രിയല്ല. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ഒപ്പം 85,000 എസ് ഡി പി ഐ – സി പി എം പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ പേജില്‍ വരെ ഇക്കാര്യങ്ങള്‍ കമന്റ് ആയി പോസ്റ്റ് ചെയ്തു. ഇതെക്കുറിച്ചുള്ള വാര്‍ത്ത വന്നപ്പോള്‍ പലരും നെറ്റി ചുളിച്ചു. ഒരു ‘വികടകേസരി’ തന്റെ ഓണ്‍ലൈന്‍ സാഹിത്യത്തില്‍ ഇതൊരു വിവരദോഷിയുടെ കണ്ടെത്തലായിട്ടാണ് വ്യാഖ്യാനിച്ച് പാര്‍്ട്ടിയോടുള്ള ആഭിമുഖ്യം പ്രകടമാക്കിയത്. സത്യമെന്താണെന്ന് അന്വേഷിക്കാനുള്ള സാമാന്യ യുക്തിയില്ലാത്ത ആ പത്രപ്രവര്‍ത്തകനോട് സഹതാപമേയുള്ളൂ.

വാര്‍ത്ത പുറത്തുവന്നതോടെ കോടിയേരി ബാലകൃഷ്ണന്‍ തലയൂരാനുള്ള ശ്രമവുമായി രംഗത്തെത്തി. ദുബായിലുള്ള പ്രവാസി വ്യവസായിയായ എം.എ. യൂസഫലിയാണ് മുഖ്യമന്ത്രിയോട് ഇത് പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. കേന്ദ്രം അനുമതി നിഷേധിച്ചാല്‍ യൂസഫലി വഴി പണം കൊടുക്കുമെന്ന് പാര്‍ട്ടി തന്നെ വ്യക്തമാക്കി. പക്ഷേ, യൂസഫലിയുടെ ഓഫീസ് ഈ വാര്‍ത്ത നിഷേധിച്ചു. അപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതില്‍ അവ്യക്തതയുണ്ടെന്ന് തുറന്നുപറഞ്ഞത്. യു എ ഇ പ്രഖ്യാപിക്കാത്ത പണത്തിനാണ് കേന്ദ്രം അനുമതി നിഷേധിച്ചു എന്ന് വാര്‍ത്ത പ്രചരിപ്പിച്ചത്. ഒപ്പം വിദേശകാര്യം വക്താവിന്റെ ഔദ്യോഗിക വിശദീകരണം വന്നു. തൊട്ടടുത്ത ദിവസം യു എ ഇ 700 കോടി പ്രഖ്യാപിച്ചിട്ടില്ലെന്ന നയതന്ത്ര പ്രതിനിധിയുടെ വിശദീകരണവും വന്നു. കേരളത്തെ സ്വതന്ത്ര റിപ്പബ്ലിക്ക് ആക്കിയാല്‍ ചൈനയില്‍ നിന്ന് പണം വന്നേനെ എന്നതു മുതല്‍ കേരളം സ്വതന്ത്ര രാഷ്ട്രമാകണം എന്ന വാദം വരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്നു. പതിവുപോലെ കാര്യങ്ങള്‍ അറിയാത്ത സഖാക്കളും കാര്യങ്ങള്‍ അറിഞ്ഞ് വിഘടനവാദ ലക്ഷ്യവുമായി നടക്കുന്ന ഇസ്ലാമിക ഭീകരരുമായിരുന്നു ഇതിനു പിന്നില്‍. ഇത് ഏറ്റുപിടിച്ച മുഖ്യധാരാ മാദ്ധ്യമങ്ങളെല്ലാം പിന്നീട് ആ വാര്‍ത്ത പിന്‍വലിച്ച് 700 കോടി പ്രഖ്യാപിച്ചിട്ടില്ലെന്ന പുതിയ വാര്‍ത്ത കൊടുത്ത് ഇളിഭ്യരായി.

പതിവുപോലെ ജനം ടി വി യിലേക്ക് ഇസ്ലാമിക തീവ്രവാദികളുടെയും സഖാക്കളുടെയും ആഘോഷപൂര്‍വ്വമായ ഫോണ്‍വിളികളും സാമൂഹ്യമാദ്ധ്യമങ്ങളില്‍ അല്പജ്ഞാനികളുടെ പൊങ്കാലയും വാഴ്ത്തുപാട്ടും ഉണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശനത്തിന് അതീതനാണെന്ന് കരുതുന്നില്ല. തെറ്റുണ്ടെങ്കില്‍ അദ്ദേഹത്തെയും വിമര്‍ശിക്കണം. ഒരു പ്രധാനമന്ത്രിയും കാഴ്ചവയ്ക്കാത്ത ചടുലതയോടെ, നിഷ്പക്ഷതയോടെ, സത്യസന്ധതയോടെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അദ്ദേഹത്തെ മുസ്ലീം അല്ലാത്തതുകൊണ്ടു മാത്രം അടിസ്ഥാനരഹിതമായി വിമര്‍ശിക്കുന്നതിനെ എന്താണ് വിളിക്കേണ്ടത്? നേരത്തെയും ഇവിടെ ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മുഖ്യമന്ത്രി പോലും എത്തും മുന്‍പ് നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി എത്തിയെങ്കില്‍ അദ്ദേഹം ഈ രാഷ്ട്രത്തിന്റെ ഉള്‍ത്തുടിപ്പ് അറിയുന്നതുകൊണ്ടാണ്. ജനം ടി വിയുടെ വാര്‍ത്തയെ തുടര്‍ന്ന് ദേശീയ മാദ്ധ്യമങ്ങള്‍ കൂടി ഈ സംഭവം ഏറ്റെടുത്തപ്പോഴാണ് ഇടത്-മതനിരപേക്ഷ വ്യാജ ബുദ്ധിജീവികളുടെ ഈ ശ്രമവും ദേശീയ ശ്രദ്ധയിലേക്ക് വന്നത്.

നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും നമ്മള്‍ ശാസ്ത്രീയമായും സാങ്കേതികമായും പിന്നാക്കമാണെന്നും ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായിരുന്നു ഈ ദുരന്തവും. സ്വന്തം തെറ്റുകള്‍ പോലും മറ്റുള്ളവരുടെ തലയില്‍ ചാരി രക്ഷപ്പെടാനുള്ള സംസ്ഥാനസര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അതിനിന്ദ്യമായ ശ്രമത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത്.

7K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close