തിരുവനന്തപുരം: പ്രളയക്കെടുതി മൂലമുണ്ടായ നഷ്ടം പ്രാഥമിക കണക്കുകളെക്കാള്‍ വളരെ വലുതായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒന്നാംഘട്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ഇനിയുള്ളത് പുനരധിവാസവും പുനര്‍നിര്‍മാണവുമാണ്. പുനര്‍നിര്‍മാണം എളുപ്പമുള്ള കാര്യമല്ല.
ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് തിരികെ പോകുന്നവര്‍ക്ക് പ്രാഥമികമായി വേണ്ട സഹായങ്ങള്‍ പ്രാദേശികമായി സമാഹരിച്ച് നല്കുന്ന കാര്യം കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ക്ക് ഇത്തരത്തില്‍ സഹായം ലഭ്യമാക്കും.
തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നവരെ സംരക്ഷിക്കും. വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ ഉണ്ടായ നഷ്ടം പരിഹരിക്കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തും. വീടുകളില്‍ കുടിവെള്ളം ലഭ്യമാക്കും. ക്യാമ്പില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ 10,000 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.