കണ്ണൂർ ; പിണറായി കൂട്ടക്കൊലയിൽ മറ്റൊരാളുടെ പങ്ക് വ്യക്തമാക്കി സൗമ്യയുടെ ആത്മഹത്യകുറിപ്പ്. താൻ നിരപരാധിയാണെന്ന് സൂചിപ്പിക്കുന്നതിനൊപ്പം,കൊലപാതകങ്ങളിൽ മറ്റൊരാളുടെ പങ്ക് കൂടി വ്യക്തമാക്കുന്ന കത്തിൽ വ്യക്തിയെ ‘അവൻ‘ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
മരണപ്പെട്ട മൂത്തമകൾ ഐശ്വര്യയെ അഭിസംബോധന ചെയ്യും വിധത്തിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.
‘ കിങ്ങിണീ , കൊലപാതകത്തിൽ പങ്കില്ലെന്ന് തെളിയുന്നതുവരെ അമ്മയ്ക്ക് ജീവിക്കണം.മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്.ഈ അമ്മ ‘ അവനെ ‘ കൊല്ലും ഉറപ്പ്.എന്നിട്ട് ശരിക്കും കൊലയാളിയായിട്ട് ജയിലിലേക്ക് തിരിച്ചു വരും.എന്റെ കുടുംബം എനിക്ക് ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തിൽ എനിക്ക് പങ്കില്ല എന്നു തെളിയിക്കാൻ പറ്റുന്നതുവരെ എനിക്ക് ജീവിക്കണം.ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും‘ ഇങ്ങനെയാണ് കത്തിന്റെ ഉള്ളടക്കം.
കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന സമയത്ത് തന്നെ സന്ദർശിച്ച കേരള ലീഗൽ സർവീസ് അതോറിറ്റി പ്രവർത്തകരോട് ചിലരുടെ നിർദേശപ്രകാരമാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സൗമ്യ പറഞ്ഞിരുന്നു.ഇക്കാര്യം കോടതിയിൽ തുറന്നു പറയുമെന്നും സൗമ്യ പറഞ്ഞിരുന്നു.
മുൻ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐയാണ് ഈ കേസ് അട്ടിമറിച്ചത്. ഇതേ തുടർന്ന് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ബന്ധുക്കൾ പരാതി നൽകിയിരുന്നു.എന്നാൽ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.
സൗമ്യയുമായി അടുപ്പമുണ്ടായിരുന്ന പ്രദേശത്തെ പാർട്ടി പ്രവർത്തകന് കൂട്ടക്കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് നാട്ടുകാരുടെയും,ബന്ധുക്കളുടെയും ആരോപണം.
അതേസമയം സൗമ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നാണ് വിലയിരുത്തൽ.വീഴ്ച പരിശോധിക്കാൻ ഉത്തരമേഖല ജയിൽ ഡി.ജി.പി വ്യാഴാഴ്ച തെളിവെടുപ്പ് നടത്തും