ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ബന്ദിപ്പോരയിലെ ഹജിനിലാണ് സംഭവം. ഇവിടെ ഒരു കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം ഈ കെട്ടിടം വളഞ്ഞിരിക്കുകയാണ്. ഇനിയും ഭീകരര്‍ ഇതിനുള്ളിലുണ്ടെന്നാണ് സൂചന. പ്രദേശത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
ഇന്നലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ ഭീകരര്‍ വധിച്ചിരുന്നു. ബോനഗാമില് വച്ച് ഭീകരര്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് പേര് സംഭവ സ്ഥലത്ത് വച്ചും രണ്ട് പേര് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ബുധനാഴ്ച രാവിലെ അനന്ത്നാഗില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടത്.