ന്യൂഡല്‍ഹി: മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത ഇടതു ചിന്തകരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും സംഘടനകളെപ്പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും രണ്ടാം യുപിഎ സര്‍ക്കാരും സംസ്ഥാനങ്ങള്‍ക്ക് കത്തു നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2012 ഡിസംബറിലാണ് അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗ്, സിപിഐ അനുകൂല മാവോയിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും അടിയന്തര നടപടികള്‍ കൈക്കൊള്ളുന്നതിനായി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചത്. 128 സംഘടനകളായായിരുന്നു യുപിഎ സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഉണ്ടായിരുന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ മറവില്‍ രാജ്യ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തുവെന്ന് ആരോപിച്ച് മഹാരാഷ്ട്ര പോലീസ് ഇക്കഴിഞ്ഞ 28നാണ് വരവരറാവു, സുധാഭരദ്വാജ്, അരുണ്‍ ഫെറേറ, വെര്‍നണ്‍ ഗോണ്‍സാല്‍വസ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തത്. ഫെറേറ, ഗോണ്‍സാല്‍വസ് തുടങ്ങിയവര്‍ 2007ലും വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായി വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞവരാണ്.
ഇടതു ചിന്തകന്‍ വരവരറാവുവിനെതിരെ ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ കേസുകള്‍ നിലവിലുണ്ട്. ഇവരെല്ലാം സിപിഐ മാവോയിസ്റ്റ് അനുകൂല സംഘടനകളിലെ സജീവ പ്രവര്‍ത്തകരാണെന്നാണ് മഹാരാഷ്ട്ര പോലീസ് വ്യക്തമാക്കിയത്.
2001 മുതലുള്ള കണക്കുകള്‍ പ്രകാരം 6,956 സാധാരണക്കാരെയും 2,517 സേനാംഗങ്ങളേയും മാവോയിസ്റ്റുകള്‍ വധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നത് ഇത്തരക്കാരാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതേ സമയം ഇടതു ചിന്തകരുടെ അറസ്റ്റിനെക്കുറിച്ച് വിശദമായ റിപ്പോട്ട് പൂനെ പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.