തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകള്‍ പിടിച്ചെടുക്കാന്‍ സിപിഎം ശ്രമിക്കുന്നത് ശരിയല്ലെന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേമം മണ്ഡലത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നില്ല. എങ്കിലും മറ്റിടങ്ങളിലെ ദുരിതബാധിതര്‍ക്കായി നേമം മണ്ഡലത്തില്‍ പലയിടത്തും എട്ട് ദുരിതാശ്വാസക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു.
ദുരന്തത്തിന്റെ ആദ്യ ദിവസങ്ങളിലൊന്നും സര്‍ക്കാര്‍ സഹായം ലഭിച്ചിരുന്നില്ല. നാട്ടുകാരും സന്നദ്ധ സംഘടനകളും ചേര്‍ന്നാണ് ദുരിത ബാധിതരെ സഹായിച്ചത്. പിന്നീടാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്തുന്നത്. എന്നാല്‍ ഇതിനുശേഷം ദുരിതാശ്വാസ ക്യാമ്പുകള്‍ പിടിച്ചെടുക്കാനായി പാര്‍ട്ടിക്കാരുമെത്തി. ക്യാമ്പുകള്‍ പിടിച്ചെടുക്കുക എന്നതൊന്നും ശരിയായ പ്രവണതയല്ല.
അതേസമയം ദുരന്തത്തെ നേരിടാന്‍ മുഴുവന്‍ മലയാളികളും ഒന്നിച്ചു നിന്നു എന്നുള്ളത് ആശ്വാസകരമായ കാര്യമാണ്. ഒരു ദുരന്തം വന്നാല്‍ അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനകാര്യം. അതിന് രാഷ്ട്രീയക്കാര്‍ വിചാരിച്ചിട്ട് കാര്യമില്ല വിദഗ്ദ്ധരുടെ സഹായം തേടണം. ഇതിനായുള്ള ഫണ്ട് വിനിയോഗം ശാസ്ത്രീയവും സുതാര്യവുമായിരിക്കണം. സുനാമി ഇല്ലാത്ത സമയത്ത് സുനാമി ഫണ്ട് ചെലവഴിച്ച പോലെ പ്രളയ ദുരന്തത്തിന്റെ പുനരധിവാസത്തില്‍ കാണിക്കരുത്. ഇതിനായി പ്രത്യേക അക്കൗണ്ടും കൃത്യമായ ഓഡിറ്റിംഗും വേണമെന്നും അദ്ദേഹം പറഞ്ഞു.