India

യുപിയിൽ പ്രതിപക്ഷത്തിനു പണിയായി ശിവപാൽ യാദവിന്റെ സമാജ്‌വാദി മോർച്ച : 80 സീറ്റിലും മത്സരിക്കും

ലഖ്നൗ : യുപിയിൽ എസ്.പി-ബിഎസ്പി സഖ്യത്തിന് ഭീഷണിയായി സമാജ്വാദി പാർട്ടി നേതാവ് ശിവ്പാൽ യാദവ്. സമാജ്‌വാദി പാർട്ടിയിൽ വിമത സ്വരമുയർത്തുന്ന ശിവ്പാൽ യാദവ് രൂപീകരിച്ച സമാജ്‌വാദി സെക്കുലർ മോർച്ച ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. എല്ലാ സീറ്റിലും മത്സരിക്കാനാണ് തീരുമാനമെന്ന് ശിവ്പാൽ യാദവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ ചെറുപാർട്ടികളുമായി സഹകരിച്ച് മുന്നണിയായി മത്സരിക്കാനാണ് തീരുമാനം. 2022 ൽ സംസ്ഥാനത്ത് സെക്കുലർ മോർച്ചയുടെ പിന്തുണയില്ലാതെ ആരും അധികാരത്തിൽ വരില്ല. ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു ഇനി പിന്നോട്ട് പോകുന്ന പ്രശ്നമില്ലെന്നും യാദവ് വ്യക്തമാക്കി.

2016 സെപ്റ്റംബറിലാണ് ദീർഘനാളായി പാർട്ടിയിൽ പുകഞ്ഞു കൊണ്ടിരുന്ന വിഭാഗീയത ആദ്യമായി പുറത്ത് വന്നത്. ശിവപാൽ യാദവിന്റെ അടുത്ത അനുയായികളെ അഖിലേഷ് യാദവ് മന്ത്രി സഭയിൽ നിന്ന് പുറത്താക്കിയതോടെയാണ് തർക്കം പരസ്യമാകുന്നത് . ഇതിനെത്തുടർന്ന് അഖിലേഷിന്റെ പാർട്ടി അദ്ധ്യക്ഷ പദവി മുലായം എടുത്തുമാറ്റുകയും ശിവപാലിന് നൽകുകയും ചെയ്തു .

ഇതിന് മറുപടിയായി അധോലോക നേതാവും പിന്നീട് രാഷ്ട്രീയക്കാരനുമായ മുക്തർ അൻസാരിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുലായം സിംഗ് യാദവിന്റെ അനുജൻ ശിവപാൽ യാദവിന്റെ വകുപ്പുകൾ അഖിലേഷ് എടുത്തുമാറ്റിയതോടെ തർക്കം രൂക്ഷമായി .എന്നാൽ അനുജനു വേണ്ടി മുലായം സിംഗ് യാദവ് രംഗത്തെത്തിയതോടെ അഖിലേഷ് പത്തിമടക്കി .

എന്നാൽ അഖിലേഷിന്റെ വിശ്വസ്തനായ ഉദയ് വീർ സിംഗിനെ പാർട്ടിയിൽ നിന്ന് ശിവപാൽ യാദവ് പുറത്താക്കിയതോടെ പ്രശ്നം വീണ്ടും ആളിക്കത്തി. അഖിലേഷിനു പിന്തുണയുമായി മുലായം സിംഗിന്റെ അടുത്ത ബന്ധു രാം ഗോപാൽ യാദവും രംഗത്തെത്തി . അതിനിടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് പാർട്ടി തീരുമാനിക്കുമെന്ന മുലായം സിംഗ് യാദവ് പ്രഖ്യാപിച്ചു.

അഖിലേഷിനെ മുന്നിൽ നിർത്തിയല്ലാതെ യു പി പിടിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി അംഗങ്ങൾക്ക് രാം ഗോപാൽ യാദവ് കത്തയച്ചതിനെത്തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമായി . ഇതിനെത്തുടർന്ന് ശിവപാൽ യാദവുൾപ്പെടയുള്ള നാല് മന്ത്രിമാരെ അഖിലേഷ് അന്നത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി . അഖിലേഷിന്റെ വിശ്വസ്തൻ രാം ഗോപാൽ യാദവിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയാണ് ശിവപാൽ യാദവും മുലായവും പ്രതികാരം ചെയ്തത്.

ഇത് രൂക്ഷമായി പാർട്ടി പിളരുന്ന അവസ്ഥയിൽ എത്തിയിരുന്നു. പിന്നീട് ലാലു പ്രസാദ് യാദവിന്റെ ഇടപെടലിൽ തത്കാലം വെടിനിർത്തി ഇരു വിഭാഗങ്ങളും തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുകയായിരുന്നു. എന്നാൽ എല്ലാവരുടേയും കണക്കു കൂട്ടലുകൾ തെറ്റിച്ച് ബിജെപി അധികാരത്തിൽ വന്നതോടെ എല്ലാ തമ്മിലടികളും തത്കാലത്തേക്ക് അവസാനിച്ചു.

ബിജെപിക്കെതിരെ 2019 ൽ എസ്.പി-ബി.എസ്.പി – കോൺഗ്രസ് സഖ്യമുണ്ടാകുമെന്ന് പ്രവചിക്കപ്പെടുമ്പോൾ ശിവപാൽ യാദവിന്റെ സമാജ് വാദി സെക്കുലർ മോർച്ച വെല്ലുവിളിയാകാനാണ് ‌സാദ്ധ്യത.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close