ചണ്ഡീഗഡ്: സ്ത്രീയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ രണ്ട് വിമാനക്കമ്പനികള്‍ ചേര്‍ന്ന് 35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പഞ്ചാബ് ഉപഭോതൃ തര്‍ക്ക പരിഹാരക്കമ്മീഷന്‍ ഉത്തരവിട്ടു. ജെറ്റ് എയര്‍വേയ്സും എയര്‍ കാനഡയുമാണ് പിഴയൊടുക്കേണ്ടത്.
വിമാനസര്‍വീസുകള്‍ ഉപഭോക്ത്യ സൗഹൃദമാണെന്ന് ഉറപ്പ് വരുത്തണമെന്ന നിര്‍ദേശവും കമ്മീഷന്, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. മിനാലി രാജ്, ഇവരുടെ പതിനൊന്നും മൂന്നും പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ക്കാണ് ദുരനുഭവമുണ്ടായത്. ചണ്ഡീഗഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് ജെറ്റ് എയര്‍വെയ്സിലും അവിടെ നിന്ന് എയര്കാനഡയിലുമാണ് ഇവര്‍ യാത്ര ചെയ്തത്.
വിമാനത്തിലെ ടോയ്ലറ്റിന് മുന്നില്‍ ഏറെ നേരം കാത്തു നിന്ന് കുട്ടികളിലൊരാള്‍ ഛര്‍ദിച്ചുവെന്നും എന്നാല്‍ കുട്ടിക്ക് അസുഖമാണെന്ന് ആരോപിച്ച് എയര്‍കാനഡയിലെ ജീവനക്കാര്‍ അവരെ പുറത്താക്കിയെന്നുമാണ് പരാതി. ബാഗുകളോ, ഭക്ഷണമോ, വെള്ളമോ എടുക്കാന്‍ അനുവദിക്കാതെയാണ് മൂന്നു പേരെയും വിമാനത്താവളത്തില്‍ ഇറക്കിവിട്ടത്.
സര്‍വീസിന്റെ കാര്യത്തില്‍ ജെറ്റ് എയര്‍വേയ്സും എയര്‍കാനഡയും തമ്മില്‍ കരാറുള്ളതിനാല്‍ ഇരുവരും തുല്യ ഉത്തരവാദികളാണെന്ന് കമ്മീഷന് വിധിച്ചു.