തൃക്കരിപ്പൂര്‍: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ സിപിഎം-ഡിവൈഎഫ്ഐ നേതാവ് ജയിലിലായി. സിപിഎം തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന വലിയപറമ്പ് കുതിരുമ്മല്‍ വീട്ടിലെ രതീഷ് കുതിരുമ്മലി(33)നെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.
പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് വിവാഹ വാഗ്ദാനം നല്‍കിയതിന് ശേഷം 2008 മുതല്‍ പീഡിപ്പിക്കുന്നതായാണ് യുവതി പരാതി നല്‍കിയത്. രതീഷ് അധികമാരെയും അറിയിക്കാതെ യുവതിയുടെ ഒരു ബന്ധുവിനെ വിവാഹം ചെയ്തതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
ആദ്യ ഘട്ടത്തില്‍ പൊലീസ് കേസെടുക്കാന്‍ മടിച്ചെങ്കിലും സമ്മര്‍ദ്ദമുയര്‍ന്നതോടെ കേസെടുത്തു. എങ്കിലും ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. രതീഷ് ഒളിവില്‍ പോയെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്ന വിശദീകരണം.
പിന്നീട് ഇയാള്‍ സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പൊലീസിന് പരാതി നല്കിയ കൂട്ടത്തില്‍ തന്നെ യുവതി സിപിഎം നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കാനാകാത്ത സാഹചര്യം വന്നതോടെ ഏരിയ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്ന് ഇയാളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി.