തിരുവനന്തപുരം: ലോകം മുഴുവന്‍ ബഹുമാനത്തോടെ കണ്ട നേതാവും വ്യക്തിയുമായിരുന്നു അടല്‍ ബിഹാരി വാജ്പേയി എന്ന് ഗവര്‍ണര്‍ പി. സദാശിവം. വിജെടിഹാളില്‍ നടന്ന വാജ്പേയി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടുത്ത രാഷ്ട്രീയ ശത്രുത ഉള്ളവര്‍പോലും വാജ്പേയിയോട് സ്നേഹത്തോടെയാണ് ഇടപെട്ടത്. അറിവും കഴിവും അദ്ദേഹം രാജ്യത്തിന് വേണ്ടി പൂര്‍ണമായി സമര്‍പ്പിച്ചു. കെട്ടിപ്പെടുത്തിയ സൗഹൃദങ്ങളിലൂടെയും നല്ല ബന്ധങ്ങളിലൂടെയും വാജ്പേയി എന്നും നിലനില്‍ക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ചിതാഭസ്മത്തില്‍ ഗവര്‍ണര്‍ പി.സദാശിവം പുഷ്പാര്‍ച്ചന നടത്തി.
അനുസ്മരണ സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രൊഫ. പി.ജെ.കുര്യന്, കെ.രാമന്‍പിള്ള, ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ഡോ.ജിമാധവന് നായര്‍, അഡ്വ.കെ.അയ്യപ്പന്‍പിള്ള, ഒ.രാജഗോപാല്‍ എംഎല്‍എ, റിച്ചാര്‍ഡ് ഹേ എംപി, എംഎല്‍എ മാരായ കെ.മുരളീധരന്, വി.എസ്. ശിവകുമാര്‍, ശശിതരൂര്‍ എംപി, ഡോ.ഡി.ബോബുപോള്‍, ഡോ.ടി.പി.സെന്‍കുമാര്‍, സുരേഷ് ഗോപി എംപി, മുന്‍ എംഎല്‍എ രാജന് ബാബു, ടി.പി.ശ്രീനിവാസന്, വിവിധ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിജെടി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ചിതാഭസ്മത്തിന് മുന്നില്‍ ബിജെപി അഖിലേന്ത്യാ ജനറല്‍സെക്രട്ടറി മുരളീധര്‍ റാവു ദീപം തെളിച്ചു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന് പിള്ള അദ്ധ്യക്ഷനായിരുന്നു. ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, എം.ടി.രമേഷ്, സി.കെ.പദ്മനാഭന്, എ.എന്‍.രാധാകൃഷ്ണന്, ഡോ.പി.പി. വാവ, ശോഭാ സുരേന്ദ്രന്, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് തുടങ്ങി വിവിധ മോര്‍ച്ചാ ഭാരവാഹികളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനത്തിന് ശേഷം പ്രവര്‍ത്തകരുടെ അകമ്പടിയോടെ തിരുവല്ലം പരശ്ശുരാമ ക്ഷേത്രത്തിലെ സ്നാനഘട്ടില്‍ ചിതാഭസ്മം നിമജ്ജനം ചെയ്തു.