Kerala

ഇന്നത്തെ രൂപത്തില്‍ ബിജെപിയെ രൂപപ്പെടുത്തിയത് അടല്‍ജി: മുരളീധര്‍ റാവു

തിരുവനന്തപുരം: മത,രാഷ്ട്രീയ,ഭാഷ, ജാതീയ വേലിക്കെട്ടുകളെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തെറിഞ്ഞ നേതാവായിരുന്നു വാജ്‌പേയ് എന്ന് ബിജെപി അഖിലേന്ത്യാ ജനറല്‍സെക്രട്ടറി മുരളീധര്‍ റാവു. ഉയര്‍ന്ന ആത്മാര്‍ത്ഥതയുള്ള ജനസേവകനായിരുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ ഒരിക്കലും മറികടന്നിരുന്നില്ല. അതുകൊണ്ടാണ് കാശ്മീര്‍ വിഷയത്തില്‍ ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ നിലപാടുകളെ ഉറ്റുനോക്കിയത്.

പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും ഭരണപക്ഷത്തിന്റെയും ഭരണത്തിലിരിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെയും നല്ലകാര്യങ്ങള്‍ക്കായി അദ്ദേഹം നിലകൊണ്ടു. രാഷ്ട്രീയ ധാര്‍മ്മികതയക്കായി നിലകൊണ്ട അദ്ദേഹത്തെ എല്ലാ വിഭാഗങ്ങളെ ജനങ്ങള്‍ക്കും സ്വീകാര്യനായിരുന്നു. ഇന്നത്തെ രൂപത്തില്‍ ബിജെപിയെ രൂപപ്പെടുത്തിയത് അടല്‍ജിയാണെന്നും അദ്ദേഹം പറഞ്ഞു.

മനസ്സും വാക്കും പ്രവൃത്തിയും ഒന്നാകുമ്പോഴാണ് ഒരാള്‍ യധാര്‍ത്ഥ മഹാനാകുന്നു എന്ന വാക്കുകളെ അന്വര്‍ത്ഥമാക്കിയ നേതാവാണ് വാജ്‌പേയ് എന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരിസദസ്യന്‍ എസ്.സേതുമാധവന്‍ പറഞ്ഞു. ആര്‍എസ്എസ് ആശയം പൂര്‍ണമായി ഉള്‍ക്കൊണ്ട് അവസാന നിമിഷം വരെ ജീവിച്ചു. ആദര്‍ശനിഷഠനും മൂല്യാധിഷ്ടിത ജീവിതത്തിന്റെ ഉടമയുമായിരുന്നു വാജ്‌പേയിയെന്നും അദ്ദേഹം പറഞ്ഞു.

സ്വയം സേവകന്റെകുപ്പായം ഊരിവയ്ക്കാതെ രാഷ്ട്രീയക്കാരനും രാഷ്ട്രതന്ത്രജ്ഞനും ഒടുവില്‍ ഭാരതത്തിന്റെ ശിരസില്‍ അണിയുന്ന രത്‌നം വരെ ആയ നേതാവായിരുന്നു അടൽജിയെന്ന്
മുന്‍ അഡീഷണല്‍ ചീഫ്‌സെക്രട്ടറി ഡോ.ഡി.ബാബുപോള്‍ പറഞ്ഞു. സ്വരഗുണമുള്ള പ്രധാനമന്ത്രിയായിരുന്നു. ക്ലേശഘട്ടങ്ങളിലൂടെ പ്രധാനമനത്രിയായ അടല്‍ ബിഹാരി വാജ്‌പേയി ആദ്യ പ്രധാനമന്ത്രിഎന്ന നിലയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനേക്കാള്‍ ജനഹൃദയങ്ങളില്‍ ഇടം നേടി. അസുഖത്തെ തുടര്‍ന്ന് ഭൗതികമായി അദൃശ്യനായിരുന്നപ്പോഴും ജനഹൃദയങ്ങളില്‍ നിലനിന്നപോലെ ഇനിയും അദ്ദേഹം ജീവിക്കുമെന്നും ബാബുപോള്‍ പറഞ്ഞു.

ആധുനിക രാജ്യം കണ്ട രാഷ്ട്ര തന്ത്രജ്ഞനും മനുഷ്യ സ്‌നേഹിയുമായിരുന്നു വാജ്‌പേയിയെന്ന് മുന്‍ ഡിജിപി ഡോ. ടി.പി.സെന്‍കുമാര്‍ പറഞ്ഞു. രാഷ്ട്രത്തിന്റെ ക്ഷേമം പൂര്‍ത്തിയാക്കുന്നത് വരെ അദ്ദേഹത്തിന് മരണം ഉണ്ടാകില്ലെന്നും സെൻകുമാർ അനുസ്മരിച്ചു.

ഹൃദയത്തിലെ കാവ്യാത്മകതയിലിലൂടെ ലോകത്തെ വശീകരിച്ച നയതന്ത്രജ്ഞനായിരുന്നു വാജ്‌പേയ് സുരേഷ് ഗോപി എംപി പറഞ്ഞു. കേരളത്തോട് അധികം ഇഷ്ടം കാത്തുസൂക്ഷിച്ച പുഷ്പസുഗന്ധമുള്ള നേതാവായിരുന്നു വാജ്പേയിയെന്നും അദ്ദേഹം പറഞ്ഞു.

 

536 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close