Kerala

നമുക്ക് ആവശ്യമുള്ള തുക മുഴുവൻ അനുവദിക്കാൻ കേന്ദ്ര സർക്കാരിന് സാദ്ധ്യമല്ല : പരിമിതിയുണ്ട് : വിഭവസമാഹരണം നാം തന്നെ നടത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തിന് ‌ ആവശ്യമുള്ള തുക മുഴുവൻ അനുവദിക്കാൻ കേന്ദ്രസർക്കാരിന് സാദ്ധ്യമല്ലെന്ന് മുഖ്യമന്ത്രി. ആവശ്യപ്പെട്ടത് ദുരന്തത്തിന്റെ നഷ്ടപരിഹാരവുമല്ല . സ്പെഷ്യൽ പാക്കേജാണ് , എങ്കിലും അതിന് പരിമിതിയുണ്ട് . വിഭവ സമാഹരണം നാം തന്നെ നടത്തണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ദുരന്തം വിലയിരുത്താന്‍ എത്തിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതികരിച്ചത് ഏറെ സഹാനുഭൂതിയോടെയാണ്. കേന്ദ്ര സഹായത്തിന്റെ കാര്യത്തില്‍ മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഖജനാവിന്റെ അവസ്ഥ എല്ലാവര്‍ക്കുമറിയാം. നാടിന് വലിയ തകര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. നാടിന് പൊതുവില്‍ സാമ്പത്തിക ദൗര്‍ബല്യമുണ്ടെങ്കിലും പുറത്ത് സാമ്പത്തികമികവുള്ളവരുണ്ട്. ഒത്തുപിടിച്ചാല്‍ അവരില്‍നിന്ന് വലിയ സഹായങ്ങള്‍ നമുക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് നാട്ടിലുണ്ടായത്. വെള്ളം ഇറങ്ങിയപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി ശരിയായ രീതിയില്‍ മനസ്സിലാകുന്നത്. ഈ ദുരന്തം നാടിനും ലോകത്തിനും കുറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്. ജനങ്ങളും ഭരണ സംവിധാനവും ഒരുമിച്ചുനിന്നാല്‍ ഏതു പ്രതിസന്ധിയും എളുപ്പം തരണം ചെയ്യാം എന്നതാണ് അതില്‍ പ്രധാനം. ദുരന്തത്തെ നേരിടാന്‍ ഇറങ്ങിയവരെല്ലാം ആത്മാര്‍ത്ഥതയോടെയും പരസ്പര വിശ്വാസത്തോടെയുമാണ് പ്രവര്‍ത്തിച്ചത്.

അതിന്റെ ഭാഗമായി രൂപംകൊണ്ട കൂട്ടായ്മയാണ് അതിജീവനത്തിന് സഹായിച്ചത്. പതിനാലു ലക്ഷത്തിലേറെപ്പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടാവുകയെന്നത് അമ്പരപ്പുളവാക്കുന്നതാണ്. എങ്കിലും ഭരണസംവിധാനത്തിന് നല്ല ആസൂത്രണത്തോടെ ഇടപെടാന്‍ കഴിഞ്ഞു. വകുപ്പുകള്‍ തമ്മില്‍ മികച്ച ഏകോപനമുണ്ടായി. വില്ലേജ് അസിസ്റ്റന്റ് മുതല്‍ ചീഫ് സെക്രട്ടറി വരെ എല്ലാ തലങ്ങളിലും നല്ല രീതിയിലുള്ള ഏകോപനമുണ്ടായി.

നാടാകെ പ്രളയത്തില്‍ മുങ്ങി നില്‍ക്കുന്ന സമയത്ത് ഇതിനെ എങ്ങനെ നേരിടുമെന്ന അമ്പരപ്പ് സ്വാഭാവികമാണ്. ആ ഘട്ടത്തില്‍ ബന്ധപ്പെട്ടവര്‍ കാണിച്ച മനസ്ഥൈര്യം രക്ഷാപ്രവര്‍ത്തനത്തെ മികവുറ്റതാക്കി. ഇതിനു ചുക്കാന്‍ പിടിച്ച എല്ലാവരെയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. എല്ലാ രീതിയിലുള്ള പ്രശംസയ്ക്കും എല്ലാവരും അര്‍ഹരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close