കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണസംഘം ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെടും. കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച മൊഴികളുടെ പരിശോധനയില്‍ നിരവധി പൊരുത്തക്കേടുകളാണ് അന്വേഷണസംഘത്തിന് കണ്ടെത്താനായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ ബിഷപ്പിന്റെ മൊഴി പച്ചക്കള്ളമെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. അതിനുള്ള രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു.
ബലാത്സംഗകേസില്‍ ആവശ്യമായ തെളിവുകളെല്ലാം ഇതിനോടകം ശേഖരിച്ചുകഴിഞ്ഞു. അതിനാലാണ് ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. കേരളത്തില്‍ എത്തിച്ച് രണ്ടാംഘട്ട മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് അന്വേഷണസംഘം കടന്നേക്കും.
നാളെ കോട്ടയത്ത് ഐ ജി വിജയ് സാഖറെയുടെ നേത്രത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണസംഘം ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെടും. ഐജിയുടെ അനുമതി ലഭിച്ചാലുടന്‍ കേരളത്തിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യാനാണ് സാധ്യത.
അതിനിടെ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെട്ട ഷോബി ജോര്‍ജിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസുമായി തനിക്ക് ബന്ധമില്ലെന്നാണ് ഷോബിയുടെ മൊഴി. ജലന്ധറിലേക്ക് പോയിട്ടില്ലെന്നും വാഹനം വാങ്ങാന്‍ ഒരുതവണ പഞ്ചാബില്‍ പോയിരുന്നതായും പോലീസിനോട് പറഞ്ഞു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.