കോഴിക്കോട്: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് നാല് പേര് കൂടി മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 25 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂന്ന് പേരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാളുമാണ് മരിച്ചത്. മുക്കം കാരമൂല ചെലപ്പുറത്ത് സലീം ഷാ, വേങ്ങേരി നെച്ചുകുഴിയില്‍ സുമേഷ്, മലപ്പുറം ചമ്രവട്ടം ചെറുകുളത്ത് ശ്രീദേവി, പെരുമ്പാവൂര്‍ സ്വദേശി കുമാരി എന്നിവരാണ് ഇന്ന് മരിച്ചത്. ഇന്നലെ ഒന്‍പത് പേര് എലിപ്പനി മൂലം മരിച്ചിരുന്നു.
പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും എലിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. പ്രതിരോധ ഗുളികള്‍ എല്ലാ ആശുപത്രികളിലും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പ്രതിരോധ ഗുളികള്‍ കഴിച്ചിട്ടുള്ളവരാണെങ്കിലും ഈ ആഴ്ചയും തുടര്‍ന്ന് കഴിക്കണമെന്നും നിര്‍ദേശം നല്‍കുന്നുണ്ട്.