ചെന്നൈ: കാമുകനൊപ്പം കഴിയാന്‍ ഏഴും നാലും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്നതിന് ശേഷം നാട് വിട്ട യുവതി അറസ്റ്റില്‍. ചെന്നൈ കുന്‍ഡ്രത്തൂരില്‍ താമസിക്കുന്ന വിജയ്യുടെ ഭാര്യ അഭിരാമി(33)യാണ് പിടിയിലായത്. അജയ്(7), കര്‍ണിക(4) എന്നിവരെയാണ് ഇവര്‍ പാലില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. ഇതിന് ശേഷം നാടുവിട്ട ഇവര്‍ ശനിയാഴ്ച രാത്രി നാഗര്‍കോവിലില്‍ നിന്നാണ് പിടിയിലാകുന്നത്.
കാമുകനായ സുന്ദരത്തിനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് മക്കളെ കൊന്നതെന്ന് അഭിരാമി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ചെന്നൈയില്‍ നിന്ന് ഇവരുടെ കാമുകനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
സ്വകാര്യ ബാങ്ക് ജീവനക്കാരായ വിജയിയും അഭിരാമിയും എട്ടു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. എന്നാല്‍ അടുത്തിടെ വീടിന് സമീപം ജോലി ചെയ്യുന്ന സുന്ദരവുമായി അഭിരാമി അടുപ്പത്തിലായി. വിജയ് എതിര്‍ത്തിട്ടും ഈ ബന്ധം തുടരുകയായിരുന്നു. ഇതിനിടെ സുന്ദരത്തിനൊപ്പം വീടുവിട്ടിറങ്ങി താമസം തുടങ്ങിയെങ്കിലും വിജയ് അഭിരാമിയെ തിരികെ വിളിച്ച് കൊണ്ടു വരികയായിരുന്നു.
വെളളിയാഴ്ച ജോലിത്തിരക്കുള്ളതിനാല്‍ വിജയ് താമസിച്ചാണ് വീട്ടിലെത്തിയത്. ശനിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് കുട്ടികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് അഭിരാമിയെ പിടികൂടുന്നത്.
കേരളത്തിലേക്ക് കടക്കാനായിരുന്നു അഭിരാമി ലക്ഷ്യമിട്ടിരുന്നത്. ഇതിന് പിന്നാലെ സുന്ദരവും കേരളത്തിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു. വിജയ്ക്കും വിഷം നല്കാന് പദ്ധതി ഇട്ടിരുന്നെങ്കിലും ഇയാള്‍ വീട്ടിലെത്താന്‍ വൈകിയത് കാരണം രക്ഷപെടുകയായിരുന്നു.