ന്യൂഡല്‍ഹി: കായികതാരം കൂടിയായ കായികമന്ത്രിയുടെ സഹായത്തോടെ തടസ്സങ്ങളെ നിഷ്പ്രഭമാക്കി ആദ്യ രാജ്യാന്തര മത്സരത്തില്‍ പങ്കെടുക്കാന്‍ ദേശീയ ഖൊ-ഖൊ ടീം ഇംഗ്ലണ്ടിലേക്ക്. സെപ്തംബര്‍ ഒന്നിന് ആരംഭിച്ച രാജ്യാന്തര മത്സരത്തില്‍ പങ്കെടുക്കാനായി നിലവിലെ കീഴ്വഴക്കങ്ങളെ മറികടന്നാണ് സ്പോര്‍ട്സ് മന്ത്രാലയം ടീമിന് സാമ്പത്തിക സഹായം നല്‍കിയത്.
സാമ്പത്തികസഹായം അനുവദിക്കാന്‍ കഴിയാത്ത കായിക വിഭാഗങ്ങളുടെ പട്ടികയിലാണ് ഖൊ ഖൊ. ‘മറ്റുള്ളവ’ എന്ന വിഭാഗത്തിലാണ് ഈ മത്സരത്തെ പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ വരുന്നവക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കായിക മന്ത്രാലയത്തില്‍ നിന്ന് സാമ്പത്തിക സഹായം അനുവദിക്കാറില്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഇതാദ്യമായി ചട്ടങ്ങളെ മറികടന്ന് കൊണ്ട് രാജ്യാന്തര മത്സരത്തില്‍ പങ്കെടുക്കാന്‍ ടീമിന് സാമ്പത്തിക സഹായമുള്‍പ്പെടെ നല്‍കിയതെന്ന് കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് പറഞ്ഞു.
പരമ്പരാഗതമായ ഇന്ത്യന്‍ കളികള്‍ക്കും കളിക്കാര്‍ക്കും പ്രചോദനം നല്‍കുന്നതാണ് ഈ തീരുമാനമെന്ന് ഖൊ-ഖൊ ഫെഡറേഷന് ഓഫ് ഇന്ത്യ പ്രതികരിച്ചു. ഭാവിയിലും ഖൊ-ഖൊ എന്ന കളിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു.