ചെന്നൈ: അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടിടിവി ദിനകരനെതിരെ ആരോപണവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. ജയലളിത ജീവിച്ചിരുന്നപ്പോള്‍ തന്നെ ചതിയിലൂടെ മുഖ്യമന്ത്രി പദം സ്വന്തമാക്കാന്‍ ശ്രമിച്ചയാളാണ് ദിനകരനെന്നും ഇത് മുന്നില്‍ കണ്ടാണ് ശശികലയേയും ദിനകരനേയും ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നുമാണ് പനീര്‍സെല്‍വം ആരോപിച്ചത്.
‘കക്ഷിയിലും ഭരണത്തിലും മന്നാര്‍ഗുഡി കുടുംബം അനാവശ്യ ഇടപെടലുകള്‍ നടത്തിയിരുന്നു. ജയലളിതയുടെ മുഖ്യമന്ത്രി പദം തട്ടിയെടുക്കാനും ദിനകരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു. അതിനാലാണ് ഇരുവരെയും പുറത്താക്കിയതെന്നും’ പനീര്‍സെല്‍വം പറഞ്ഞു. മന്നാര്‍ഗുഡിയില്‍ സംഘടിപ്പിച്ച പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.